ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

അഭിറാം മനോഹർ

തിങ്കള്‍, 21 ജൂലൈ 2025 (14:09 IST)
Sreesanth- Harbhajan
ഐപിഎല്ലിനിടെ മലയാളി താരം ശ്രീശാന്തിനെ തല്ലാനിടവന്ന സംഭവം തന്റെ ഭാഗത്ത് നിന്നുണ്ടായ പൊറുക്കാനാവാത്ത തെറ്റാണെന്ന് ആവര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്. ഒരു ഇരുന്നൂറ് തവണയെങ്കിലും ഇക്കാര്യത്തില്‍ താന്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഇനിയും പൊതുവേദിയില്‍ വെച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും ആര്‍ അശ്വിന്റെ യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
 
2008ലെ ആദ്യ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ്- മുംബൈ ഇന്ത്യന്‍ മത്സരത്തിനിടെയാണ് വാക് പോരിന്റെ പേരില്‍ മത്സരശേഷം കളിക്കാര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ കരണത്തടിച്ചത്. ആ സംഭവം തന്റെ കരിയറില്‍ നിന്നും തുടര്‍ച്ചുമാറ്റാന്‍ ആഗ്രഹിക്കുന്ന ഒന്നാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു.അവസരം കിട്ടുമ്പോഴെല്ലാം ആ വിഷയത്തില്‍ ഞാന്‍ മാപ്പ് പറയാറുണ്ട്. ഇപ്പോഴും പറയുന്നു. അതെന്റെ ഭാഗത്ത് നിന്നും സംഭവിച്ച വലിയ പിഴവായിരുന്നു.
 
 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ ശ്രീശാന്തിന്റെ മകളെ നേരില്‍ കണ്ടിരുന്നു. അവളോട് സ്‌നേഹത്തോടെ സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ എന്നോട് ചോദിച്ചത്, നിങ്ങളെന്റെ അച്ഛനെ തല്ലിയ ആളല്ലെ, നിങ്ങളോട് ഞാന്‍ സംസാരിക്കില്ല എന്നായിരുന്നു. ആ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു. ഞാന്‍ കരച്ചിലിന്റെ വക്കിലായിരുന്നു. എന്നെ കുറിച്ച് അവള്‍ എന്താണ് ധരിച്ച് വെച്ചിരിക്കുന്നത് എന്നോര്‍ത്ത് എന്റെ ഹൃദയം നുറുങ്ങി. അവളെന്നെ എത്രമാത്രം മോശക്കാരനായിട്ടായിരിക്കും മനസില്‍ കരുതിയിരിക്കുക. അവളുടെ അച്ഛനെ തല്ലിയ ആളെന്ന നിലയിലാകില്ലെ എന്നെ എന്നും ഓര്‍ക്കും. അതോര്‍ത്ത് എനിക്ക് ദേഷ്യം തോന്നി. സംഭവിച്ച തെറ്റിന് ഞാന്‍ ശ്രീശാന്തിനോടും മകളോടും ഇപ്പോഴും മാപ്പ് ചോദിക്കുന്നു. ഹര്‍ഭജന്‍ പറഞ്ഞു.
 
 2008ലെ ഐപിഎല്ലിലെ വിവാദമായ സംഭവത്തിന് ശേഷവും ശ്രീശാന്തും ഹര്‍ഭജനും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഒരുമിച്ച് കളിക്കുകയും ചെയ്തിരുന്നു. വിരമിക്കലിന് ശേഷം സീനിയര്‍ താരങ്ങളുടെ വിവിധ ലീഗുകളില്‍ ഹര്‍ഭജനും ശ്രീശാന്തും ഒരുമിച്ച് കളിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍