England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്
ഏകദിന ക്രിക്കറ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 342 റണ്‍സിനാണ് ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജേക്കബ് ബേഥലിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികളുടെ ബലത്തില്‍ 414 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം വെറും 72 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ജാമി സ്മിത്തും ബെന്‍ ഡെക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും പുറത്തായതിന് ശേഷം ഒന്നിച്ച ജോ റൂട്ട്- ജേക്കബ് ബേഥല്‍ സഖ്യം നാല്പത് ഓവറില്‍ ടീം സ്‌കോര്‍ 300 കടത്തിയാണ് പിരിഞ്ഞത്. ജേക്കബ് ബേഥല്‍ 82 പന്തില്‍ നിന്ന് 110 റണ്‍സും ജോ റൂട്ട് 96 പന്തില്‍ നിന്ന് 100 റണ്‍സും നേടി മടങ്ങി. അവസാന ഓവറുകളില്‍ 32 പന്തില്‍ 62 റണ്‍സുമായി ജോസ് ബട്ട്ലറും 8 പന്തില്‍ 19 റണ്‍സുമായി വില്‍ ജാക്‌സും തകര്‍ത്തടിച്ചതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 400 കടന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ബാറ്റര്‍മാര്‍ ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ ഘോഷയാത്ര പോലെ മടങ്ങിയപ്പോള്‍ വാലറ്റത്ത് കേശവ് മഹാരാജ്, കോര്‍ബിന്‍ ബോഷ് എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും പ്രതിരോധം തീര്‍ത്തത്. ഇംഗ്ലണ്ടിന്റെ 3 താരങ്ങള്‍ മാത്രമാണ് മത്സരത്തില്‍ രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാലും ആദില്‍ റഷീദ് മൂന്നും വിക്കറ്റുകളെടുത്തു.