ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുമ്പോള്‍ വീണ്ടും ക്രിക്കറ്റിന്റെ ആവേശകരമായ നിമിഷങ്ങളാണ് ഓരോ ക്രിക്കറ്റ് പ്രേമിയേയും കാത്തിരിക്കുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം സഞ്ജു സാംസണ്‍ തന്നെയാകുമോ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായ സഞ്ജുവിനെ ഏഷ്യാകപ്പില്‍ വിക്കറ്റ് കീപ്പിംഗിലെ ഫസ്റ്റ് ഓപ്ഷനായല്ല ഇന്ത്യ പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ വരുന്നത്.
ഇന്നലെ ഐസിസി അക്കാദമി ഗ്രൗണ്ടിലും ദുബായ് സ്റ്റേഡിയത്തിലുമായാണ് ഇന്ത്യന്‍ ടീം പരിശീലനത്തിനെത്തിയത്. ആദ്യമെത്തിയത് സഞ്ജു സാംസണായിരുന്നു. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന്റെ മേല്‍നോട്ടത്തില്‍ 5 മിനിറ്റ് നേരം കീപ്പിംഗ് പരിശീലനം നടത്തിയെങ്കിലും പിന്നീട് മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ താരത്തിനടുത്തെത്തി 3 മിനിറ്റ് നേരത്തോളം സംസാരിച്ചു. ഇതിന് പിന്നാലെ സഞ്ജു കീപ്പിംഗ് പരിശീലനം മതിയാക്കിയിരുന്നു.
സഞ്ജുവിനോട് കീപ്പിംഗ് പരിശീലനം നിര്‍ത്തി ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗംഭീര്‍ ഉപദേശിച്ചതെന്ന് പിന്നീട് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പിന്നീട് സഞ്ജുവിനെ ബാറ്റിംഗ് പരിശീലന സെഷനിലും അധികനേരം കാണാനായില്ല. അതേസമയം ജിതേഷ് ശര്‍മ ഏറെ നേരം കീപ്പിംഗ്, ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു. പരിശീലന സെഷനിലെ സൂചനകള്‍ പരിഗണിച്ചാല്‍ നാളെ യുഎഇക്കെതിരെ ജിതേഷ് ശര്‍മയാകും ഇന്ത്യന്‍ വിക്കറ്റ് കീപ്പറാവുക. അങ്ങനെയെങ്കില്‍ സഞ്ജു പ്ലേയിംഗ് ഇലവനില്‍ എത്താനുള്ള സാധ്യതയും കുറവാണ്.