ഏഷ്യാകപ്പ് ടി20 പോരാട്ടത്തിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിന് പകരമായി ജിതേഷ് ശര്‍മയെയാകും ഇന്ത്യ ഫസ്റ്റ് വിക്കറ്റ് കീപ്പര്‍ ചോയ്‌സായി പരിഗണിക്കുക എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ മാസം 10ന് ആതിഥേയരായ യുഎഇയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടി20 ടീമില്‍ മടങ്ങിയെത്തിയതോടെയാണ് സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തില്‍ ഇളക്കമുണ്ടായത്. ഓപ്പണിംഗ് അല്ലെങ്കിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആദ്യ കളിയില്‍ താരം ബെഞ്ചിലിരിക്കാനാണ് സാധ്യത അധികമെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്.
ടൂര്‍ണമെന്റിന് മുന്‍പായി നടന്ന ഇന്ത്യയുടെ പരിശീലന സെഷനില്‍ ത്രോ പരിശീലനമാണ് സഞ്ജു അധികവും നടത്തിയത്. കൂടാതെ മുന്‍നിരയില്‍ സഞ്ജുവിന് അവസരമില്ല എന്നതുമാണ് സഞ്ജു ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കില്ലെന്ന ആശങ്കകള്‍ ശക്തമാകാന്‍ കാരണം. കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്കായി മധ്യനിരയില്‍ മികച്ച പ്രകടനമായിരുന്നു ജിതേഷ് ശര്‍മ നടത്തിയത്.