വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

അഭിറാം മനോഹർ

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (18:51 IST)
ഐപിഎല്ലിലും ഇന്ത്യന്‍ ദേശീയ ടീമിലും വെടിക്കെട്ട് പ്രകടനങ്ങള്‍ കൊണ്ട് ഞെട്ടിച്ച താരമാണ് അഭിഷേക് ശര്‍മ. ഇക്കഴിഞ്ഞ ഏഷ്യാകപ്പിലടക്കം മികച്ച പ്രകടനങ്ങളാണ് താരം നടത്തിയത്. ഇപ്പോഴിതാ അഭിഷേകിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ ബ്രയന്‍ ലാറ. മികച്ച വൈറ്റ് ബോള്‍ കളിക്കാരന്‍ എന്നതില്‍ ഒതുങ്ങാതെ റെഡ് ബോളിലും കളിക്കാന്‍ അഭിഷേക് താത്പര്യപ്പെടുന്നുണ്ടെന്നാണ് ലാറ വ്യക്തമാക്കിയത്.
 
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കാലഘട്ടത്തിലെ അഭിഷേകിനെ എനിക്കറിയാം. അവന്‍ വ്യത്യസ്തനായ ഒരു കളിക്കാരനാണ്. യുവരാജിന് അവനില്‍ വലിയ സ്വാധീനമുണ്ടെന്ന് ഞാന്‍ കരുതുന്നു. അവന്റെ ഷോട്ടുകളും ബാറ്റ് സ്വിങ്ങും അമ്പരപ്പിക്കുന്നതാണ്. ടെസ്റ്റ് ഫോര്‍മാറ്റ് എങ്ങനെ കളിക്കാമെന്നതിനെ പറ്റി അവന്‍ എന്നോട് സംസാരിച്ചിരുന്നു. ടി20യില്‍ അവന്‍ വിജയിച്ചു. വൈകാതെ ഏകദിനത്തിലും കഴിവ് തെളിയിക്കും. ടെസ്റ്റ് ഫോര്‍മാറ്റിനോടും അവന് താത്പര്യമുണ്ട്.ലാറ പറഞ്ഞു.
 
 നിലവില്‍ ടി20 ഫോര്‍മാറ്റില്‍ മാത്രമാണ് ഇന്ത്യയ്ക്കായി താരം കളിച്ചിട്ടുള്ളത്. 24 ടി20 മത്സരങ്ങളില്‍ നിന്ന് 36.9 എന്ന ശരാശരിയില്‍ 849 റണ്‍സാണ് താരം ഇതിനകം നേടിയിട്ടുള്ളത്. ടി20 ഫോര്‍മാറ്റില്‍ 2 സെഞ്ചുറികളും 5 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ഇതിനകം തന്നെ ടി20 ഫോര്‍മാറ്റില്‍ 60 സിക്‌സുകളും താരം നേടികഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍