76 റണ്‍സിന് 7 വിക്കറ്റ്, എന്നിട്ടും നേടിയെടുത്തത് 107 റണ്‍സിന്റെ വിജയം, ചാമ്പ്യന്‍ മെന്റാലിറ്റി എന്നാല്‍ ഓസീസ് തന്നെ
എന്തുകൊണ്ടാണ് ഓസ്‌ട്രേലിയ ലോകത്തെ ഒന്നാം നമ്പര്‍ ടീമെന്ന് തെളിയിച്ച് ഓസീസ്. ഇത്തവണ വനിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഏത് സാഹചര്യത്തിലും പൊരുതുന്ന സംഘമാണ് തങ്ങളെന്ന് ഓസീസ് സംഘം തെളിയിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി 76-7 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിട്ടും സ്‌കോര്‍ബോര്‍ഡില്‍ 221 റണ്‍സ് എഴുതിച്ചേര്‍ക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരുന്നു. 114 പന്തില്‍ 109 റണ്‍സെടുത്ത ബെത്ത് മൂണിയാണ് വമ്പന്‍ തകര്‍ച്ചയില്‍ നിന്നും ഓസീസിനെ കരകയറ്റിയത്.
ഓപ്പണര്‍ അലീസ ഹീലി 20 റണ്‍സിനും ഫിയോബെ ലിച്ച്ഫീല്‍ഡ് 10 റണ്‍സിനും പുറത്തായതോടെ ഘോഷയാത്ര പോലെയാണ് ഓസീസ് വിക്കറ്റുകള്‍ വീണുപോയത്. 76-7 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ ബെത്ത് മൂണിയും കിം ഗാര്‍ത്തും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും 115 റണ്‍സില്‍ ഓസീസിന്റെ എട്ടാം വിക്കറ്റും നഷ്ടമായി. തുടര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അലാന കിംഗ്- ബെത്ത് മൂണി സഖ്യമാണ് ടീമിനെ കരകയറ്റിയത്. അലാന കിംഗ് 49 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമ്പതാം വിക്കറ്റില്‍ 106 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനും സമാനമായ തകര്‍ച്ചയിലൂടെയാണ് കടന്നുപോയത്. ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും വിക്കറ്റുകള്‍ സംരക്ഷിച്ചുകൊണ്ട് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തുന്നതില്‍ പാക് ബാറ്റര്‍മാര്‍ പരാജയമായപ്പോള്‍ പാകിസ്ഥാന്‍ ബാറ്റിംഗ് വെറും 114 റണ്‍സില്‍ അവസാനിച്ചു.52 പന്തില്‍ 35 റണ്‍സെടുത്ത സിദ്ര അമീനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി കിം ഗാര്‍ത്ത് 3 വിക്കറ്റും മേഗന്‍ ഷട്ട്, അന്നബെല്‍ സതര്‍ലന്‍ഡ് എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.