Sanju Samson: ശുഭ്മാന്‍ ഗില്ലിന്റെ മടങ്ങിവരവും ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ അതിനുമുകളില്‍ സഞ്ജു സാംസണിനു അവസരം ലഭിക്കില്ലെന്നു എല്ലാവരും കരുതിയെന്നും എന്നാല്‍ തുടക്കംമുതല്‍ സഞ്ജുവിനെ കളിപ്പിക്കാനാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ തീരുമാനിച്ചതെന്നും സൂര്യകുമാര്‍ യാദവ്. സഞ്ജുവിനെ മാറ്റിനിര്‍ത്താതെയുള്ള പദ്ധതിയായിരുന്നു ഗംഭീറിന്റേതെന്ന് സൂര്യ പറഞ്ഞു.
' ഗില്ലും ജിതേഷും ടീമില്‍ വന്നതോടെ സഞ്ജുവിനു അവസരം ലഭിക്കില്ലെന്നാണ് എല്ലാവരും കരുതിയത്. ജിതേഷ് ആയിരിക്കും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുകയെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ആദ്യദിനം മുതല്‍ സഞ്ജുവിന്റെ കാര്യത്തില്‍ ഗൗതി ഭായിക്ക് (ഗംഭീര്‍) കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നു. ഏത് ബാറ്റിങ് പൊസിഷനിലാണെങ്കിലും അദ്ദേഹം പ്ലേയിങ് ഇലവനില്‍ ഉണ്ടാകണമെന്നായിരുന്നു നിലപാട്,' സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ആദ്യത്തെ പരിശീലന സെഷനില്‍ തന്നെ സഞ്ജുവിനെ കുറിച്ചുള്ള നിലപാട് ഗൗതി ഭായി വ്യക്തമാക്കി. അവസാന 15-20 കളികളില്‍ വളരെ നന്നായി സഞ്ജു പെര്‍ഫോം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഉണ്ടാക്കുന്ന ഇംപാക്ട് ടീമില്‍ തുടരണമെന്നും പരിശീലകനു ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ബാറ്റിങ് പൊസിഷന്‍ മാറുമെന്ന് മാത്രമായിരുന്നു ഗൗതി ഭായി അന്ന് പറഞ്ഞതെന്നും സൂര്യകുമാര്‍ വെളിപ്പെടുത്തി.