Sanju Samson: ടീമിന് വേണ്ടത് മധ്യനിര താരത്തെ, സഞ്ജുവിനെ തഴഞ്ഞതിൽ വിചിത്രവാദവുമായി അഗാർക്കർ

അഭിറാം മനോഹർ

ഞായര്‍, 5 ഒക്‌ടോബര്‍ 2025 (08:20 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ നിന്നും തഴയപ്പെട്ടതില്‍ വിചിത്രവാദവുമായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.കെ എല്‍ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയപ്പോള്‍ ധ്രുവ് ജുറലിനെയാണ് ബാക്കപ്പ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയത്. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും ടീമിന് ആവശ്യം മധ്യനിരയില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണെന്നുമാണ് ഇതിന് കാരണമായി അഗാര്‍ക്കര്‍ പറഞ്ഞത്.
 
അവസാനം കളിച്ച ഏകദിനത്തിലടക്കം സെഞ്ചുറി നേടിയിട്ടുള്ള സഞ്ജു ഇന്ത്യയ്ക്കായി 16 ഏകദിനമത്സരങ്ങളില്‍ നിന്നും 56.66 റണ്‍സ് ശരാശരിയില്‍ 510 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 3 അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. അവസാനം കളിച്ച ഏകദിനമത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. ഏകദിന കരിയറില്‍ സഞ്ജു കളിച്ചതില്‍ അധികവും മധ്യനിരയിലായിരുന്നു.
 
സഞ്ജു ഒരു ടോപ് ഓര്‍ഡര്‍ കളിക്കാരനാണ്. മധ്യനിരയില്‍ കളിക്കുന്നതിനേക്കാള്‍ സഞ്ജു മുന്‍ നിരയില്‍ കളിക്കുന്നതാണ് നല്ലത്. ധ്രുവ് ജുറലാണെങ്കില്‍ കളിക്കുന്നത് മിഡില്‍ ഓര്‍ഡറിലാണ്. എന്നാണ് സഞ്ജുവിനെ ഒഴിവാക്കാന്‍ അഗാര്‍ക്കര്‍ ഉയര്‍ത്തിയ ന്യായം.അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഉള്‍പ്പെടുമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതോടെ സഞ്ജുവിനെ തഴഞ്ഞുകൊണ്ടുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ശക്തമാണ്. മധ്യനിരയില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരത്തെ ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്ന് പറഞ്ഞ് എങ്ങനെയാണ് മാറ്റിനിര്‍ത്തുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍