ഒക്ടോബര്‍ 19 മുതല്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ സ്ഥാനം സുരക്ഷിതമല്ലെന്ന് സൂചന നല്‍കി ബിസിസിഐ. ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച ശേഷം ഇതാദ്യമായാണ് രോഹിതും കോലിയും ഇന്ത്യന്‍ കുപ്പായമണിയുന്നത്. അവസാനം കളിച്ച ഏകദിനങ്ങളില്‍ ഇരുവരും മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നെങ്കിലും ടീം സെലക്ഷന് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം പ്രധാനമാകുമെന്ന സൂചനയാണ് ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കര്‍ നല്‍കുന്നത്.
കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോകക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റര്‍മാരാണ് എന്നതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഇരുതാരങ്ങളും ഇന്ത്യയുടെ ആഭ്യന്തര ലീഗില്‍ കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ലീഗില്‍ കളിക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയത്.
എപ്പോഴെല്ലാം താരങ്ങള്‍ ലഭ്യമായിരിക്കുന്നുവോ ആഭ്യന്തര ക്രിക്കറ്റില്‍ അവര്‍ കളിക്കാന്‍ തയ്യാറാകണമെന്നാണ് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നത്. നിലവില്‍ 36, 38 വയസ് വീതമുള്ള കോലിയും രോഹിതും കരിയറിന്റെ അവസാനഘട്ടങ്ങളിലാണ്.2027ലെ ഏകദിന ലോകകപ്പില്‍ പുതിയ ടീമിനെ വാര്‍ത്തെടുക്കാനായി ഏകദിന ക്രിക്കറ്റിലെ നായകസ്ഥാനം ശുഭ്മാന്‍ ഗില്ലിന് ബിസിസിഐ നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഏകദിനക്രിക്കറ്റിലെയും ആഭ്യന്തരക്രിക്കറ്റിലെയും പ്രകടനങ്ങള്‍ രോഹിത്തിനും കോലിയ്ക്കും നിര്‍ണായകമാകും.