2027ലെ ലോകകപ്പിന് മുന്‍പായി ഏകദിന നായകനായി ശുഭ്മാന്‍ ഗില്ലിനെ നിയമിച്ച് ബിസിസിഐ. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് രോഹിത്തിനെ വെട്ടി ഗില്‍ നായകനായത്. ഇതോടെ ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും ഗില്‍ ഇന്ത്യയുടെ നായകനാകും. ചാമ്പ്യന്‍സ് ട്രോഫി നേടിതന്നതിന് 7 മാസങ്ങള്‍ക്ക് ശേഷമാണ് നായകസ്ഥാനത്ത് നിന്നും രോഹിത് പടിയിറങ്ങുന്നത്. 2027ലെ ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ കടുത്ത തീരുമാനം.
മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. തീരുമാനം നേരത്തെ തന്നെ രോഹിത് ശര്‍മയെ അറിയിച്ചിരുന്നതായി അജിത് അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ 2027ലെ ഏകദിന ലോകകപ്പില്‍ കോലി, രോഹിത് ശര്‍മ എന്നിവരുണ്ടാകുമോ എന്നതാണ് ആരാധകര്‍ സംശയിക്കുന്നത്.
3 ഫോര്‍മാറ്റുകളില്‍ 3 നായകന്മാര്‍ എന്ന ഫോര്‍മുല ഫലപ്രദമാകില്ലെന്നും അതിനാലാണ് ഗില്ലിനെ ഏകദിന നായകനാക്കാന്‍ തീരുമാനിച്ചതെന്നും അഗാര്‍ക്കര്‍ പറഞ്ഞു. 2027ലെ ലോകകപ്പിനെ പറ്റി ഇപ്പോള്‍ സംസാരിക്കേണ്ടതില്ലെന്ന് കരുതുന്നു. 3 ഫോര്‍മാറ്റില്‍ 3 ക്യാപ്റ്റന്മാര്‍ എന്നത് അപ്രായോഗികമണ്. കോച്ചിനും 3 നായകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് വെല്ലുവിളിയാണ്. ലോകകപ്പിനെ പറ്റി നമ്മള്‍ ഇപ്പോഴെ ചിന്തിച്ചുതുടങ്ങണം. ഇപ്പോള്‍ നമ്മള്‍ ഏറ്റവും കുറവ് കളിക്കുന്ന ഫോര്‍മാറ്റ് ഏകദിനമാണ്. ലോകകപ്പിന് തയ്യാറെടുക്കാന്‍ നായകനെന്ന നിലയില്‍ ഗില്ലിനും കൂടുതല്‍ സമയം ആവശ്യമാണ്.അഗാര്‍ക്കര്‍ പറഞ്ഞു.