വിരസമായ സമനിലകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ അവസാനിപ്പിച്ചത് വിരാട് കോലി എന്ന ടെസ്റ്റ് നായകന്റെ വരവോടെയാണ്. ടെസ്റ്റ് മത്സരങ്ങളുടെ അവസാന ദിവസം വിജയലക്ഷ്യം 400 റണ്‍സെങ്കില്‍ അതിനായി ശ്രമിച്ച് മത്സരം കൈവിടാതെ സമനില നോക്കി കളിക്കുന്നതായിരുന്നു കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി. എന്നാല്‍ അവസാന ദിവസം മറ്റ് ടീമുകളെ ബാറ്റിങ്ങിനയച്ച് റിസ്‌കെടുക്കുകയും മത്സരത്തില്‍ റിസള്‍ട്ട് വേണമെന്ന രീതിയില്‍ കളിക്കുകയും ചെയ്ത നായകനായിരുന്നു കോലി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളിലും ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. രണ്ടാം മത്സരത്തില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ വമ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ മികച്ച ടോട്ടലിലെത്തിയെങ്കിലും ഡിക്ലയര്‍ വൈകിപ്പിച്ച് ഇന്ത്യ വിജയിക്കാനുള്ള അവസരമാണ് ഇല്ലാതെയാക്കുന്നതെന്ന വിമര്‍ശനമാണ് നിലവില്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്. മത്സരത്തില്‍ 500ന് മുകളിലുള്ള ഏത് സ്‌കോറും മികച്ച ടോട്ടലാണെന്നിരിക്കെ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെയ്ക്കാനുള്ള തീരുമാനത്തെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
ഇംഗ്ലണ്ടിന് മുന്നില്‍ 550 റണ്‍സിന് മുകളില്‍ വിജയലക്ഷ്യം വെയ്ക്കുന്നത് വഴി കൂടുതല്‍ ഓവറുകള്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിടാനുള്ള അവസരം ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നു. 608 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിനായി ബാറ്റ് വീശുന്ന ഇംഗ്ലണ്ടിന് നാലാം ദിനം 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അവസാന ദിനം സമനിലയിലാക്കാന്‍ അവസരം ഏറെയുണ്ട്. 550+ എന്ന മികച്ച ടോട്ടല്‍ ഉള്ളപ്പോള്‍ ഇന്ത്യ റിസ്‌ക് എടുക്കാന്‍ തയ്യാറായില്ലെന്നും ഇംഗ്ലണ്ടിന് മുന്നില്‍ പരാജയപ്പെടാം എന്ന സാധ്യതയാണ് നായകന്‍ ഗില്ലും പരിശീലകന്‍ ഗൗതം ഗംഭീറും പരിഗണിച്ചതെന്ന് വിമര്‍ശകര്‍ പറയുന്നു. മഴ സാധ്യതയുള്ള ബര്‍മിങ്ഹാമില്‍ കളി തടസപ്പെടുത്തിയാല്‍ ഓവറുകള്‍ കുറയുമെന്നും ഇതെല്ലാം ഇംഗ്ലണ്ടിന് അനുകൂലമാണെന്നും വിമര്‍ശകര്‍ പറയുന്നു.90 ഓവറുകള്‍ ബാക്കിനില്‍ക്കെ 536 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. ഇതോടെ അവസാനദിവസം സമനില ലക്ഷ്യമിട്ടാകും ഇംഗ്ലണ്ട് കളിക്കാനിറങ്ങുക.