India vs England: ജയിക്കാൻ വേണ്ടി മാത്രം കളിക്കാൻ ഞങ്ങൾ മണ്ടന്മാരല്ലല്ലോ, പ്ലാൻ വ്യക്തമാക്കി ഇംഗ്ലണ്ട് അസിസ്റ്റൻ്റ് കോച്ച്

അഭിറാം മനോഹർ

ഞായര്‍, 6 ജൂലൈ 2025 (11:33 IST)
England Test team
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 608 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് അവസാന ദിവസം സമനിലയ്ക്ക് വേണ്ടിയും ശ്രമിക്കുമെന്ന സൂചന നല്‍കി ഇംഗ്ലണ്ട് സഹപരിശീലകനായ മാര്‍ക്കസ് ട്രെസ്‌കോത്തിക്. ടെസ്റ്റില്‍ ഫലമുണ്ടാകാനായി എത്ര വലിയ വിജയലക്ഷ്യവും പിന്തുടരുക എന്ന മണ്ടന്‍ തീരുമാനം പിന്തുടരാന്‍ മാത്രം ഇംഗ്ലണ്ട് ടീം മണ്ടന്മാരല്ലെന്ന് ട്രെസ്‌കോത്തിക് പറഞ്ഞു. നാലാം ദിനത്തിലെ കളിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രെസ്‌കോത്തിക് ഇക്കാര്യം പറഞ്ഞത്.
 
സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഇംഗ്ലണ്ട് എല്ലായ്‌പ്പോഴും കളിക്കാറുള്ളത്. കളിയിലെ സാഹചര്യം മാറുമ്പോള്‍ ടീമിന്റെ സമീപനവും മാറും. ഈ ടെസ്റ്റില്‍ ഇനി സമനില മാത്രമാണ് മുന്നിലുള്ള വഴിയെന്ന് വ്യക്തമായാല്‍ തീര്‍ച്ചയായും അതിന് ശ്രമിക്കും. വിജയം അല്ലെങ്കില്‍ തോല്‍വി എന്ന് മാത്രം ചിന്തിച്ച് ബാറ്റ് ചെയ്യാന്‍ മാത്രം ഞങ്ങള്‍ മണ്ടന്മാരല്ല. ഒരു കളിയില്‍ 3 ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. സാഹചര്യം അനുസരിച്ച് സമീപനത്തില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്.
 
 ഡ്രെസിങ് റൂമില്‍ നടക്കുന്ന ചര്‍ച്ചകള്‍ പുറത്തുള്ളവരേക്കാള്‍ ഞങ്ങള്‍ക്ക് അറിയാം. എല്ലാ മത്സരങ്ങളും വിജയിക്കാന്‍ തന്നെയാണ് കളിക്കുന്നത്. എനാല്‍ അതിന് കഴിയാത്ത സാഹചര്യമുണ്ടായാല്‍ അതിനനുസരിച്ച് സമീപനം മാറ്റാനായി ശ്രമിക്കും. അതിനനുസരിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ട്രെസ്‌കോത്തിക് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍