Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അഭിറാം മനോഹർ

ശനി, 5 ജൂലൈ 2025 (20:18 IST)
Shubman Gill
രോഹിത് ശര്‍മ, വിരാട് കോലി എന്നീ വമ്പന്‍ താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ഉത്തരവാദിത്തത്തിന്റെ വലിയ ഭാരമാണ് ശുഭ്മാന്‍ ഗില്ലെന്ന 25കാരന്റെ തോളുകള്‍ക്ക് മുകളില്‍ വന്ന് വീണത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ടീമിനെ നയിക്കുക എന്ന ഉത്തരവാദിത്തത്തിന് പുറമെ ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേകിച്ച് സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ(SENA)രാജ്യങ്ങളില്‍ എടുത്തുപറയാന്‍ കാര്യമായ പ്രകടനങ്ങളില്ല എന്ന നാണക്കേട് കൂടി ഗില്ലിന് മായ്ച്ച് കളയേണ്ടതായി വന്നിരുന്നു.
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 147,8 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോറുകള്‍. ഓവര്‍സീസിലെ മോശം പ്ലെയറെന്ന നാണക്കേട് മായ്ക്കാനും ഒപ്പം ഇന്ത്യയെ നയിക്കാന്‍ തക്കവണ്ണം താന്‍ വളര്‍ന്നെന്ന് പ്രഖ്യാപിക്കാനും ആദ്യ ടെസ്റ്റില്‍ തന്നെ ഗില്ലിന് സാധിച്ചു. രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ 387 പന്തില്‍ നിന്നും 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറി കൂടിയതോടെ ഒരു മത്സരത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടം ഗില്‍ സ്വന്തം പേരിലാക്കി.
 
 ബര്‍മിങ്ഹാം ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ 269 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ പുറത്താകാതെ 100 റണ്‍സുമാണ് ഗില്‍ നേടിയത്. ഇതോടെ ഒരൊറ്റ ടെസ്റ്റില്‍ നിന്ന് മാത്രം 369 റണ്‍സാണ് ഗില്‍ നേടിയത്. ഒരൊറ്റ ടെസ്റ്റ് മത്സരത്തില്‍ നിന്ന് മാത്രമായി 344 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കറുടെ റെക്കോര്‍ഡാണ് താരം മറികടന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍