India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

രേണുക വേണു

വെള്ളി, 4 ജൂലൈ 2025 (08:22 IST)
India vs England 2nd Test

India vs England 2nd Test, Day 2: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നേടിയിരിക്കുന്നത്. 
 
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 587 റണ്‍സിലേക്ക് എത്തണമെങ്കില്‍ 510 റണ്‍സ് അകലെയാണ് ഇംഗ്ലണ്ട്. ശേഷിക്കുന്നത് ഏഴ് വിക്കറ്റുകള്‍ കൂടി. ജോ റൂട്ട് (37 പന്തില്‍ 18), ഹാരി ബ്രൂക്ക് (53 പന്തില്‍ 30) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ സാക് ക്രൗലി (30 പന്തില്‍ 19), ബെന്‍ ഡക്കറ്റ് (അഞ്ച് പന്തില്‍ പൂജ്യം), വണ്‍ഡൗണ്‍ ബാറ്റര്‍ ഒലി പോപ്പ് (ഒരു പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു നഷ്ടമായി. 
 
ബുംറയുടെ അസാന്നിധ്യത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യക്ക് വേണ്ടി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിനു ഒരു വിക്കറ്റ്. ജോ റൂട്ടിനെ പുറത്താക്കുകയായിരിക്കും മൂന്നാം ദിനമായ ഇന്ന് ഇന്ത്യയുടെ പ്രധാന 'ടാസ്‌ക്'. 
 
നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 387 പന്തുകളില്‍ നിന്ന് 30 ഫോറുകളും മൂന്ന് സിക്‌സും സഹിതം 269 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. യശസ്വി ജയ്‌സ്വാള്‍ (107 പന്തില്‍ 87), രവീന്ദ്ര ജഡേജ (137 പന്തില്‍ 89) എന്നിവര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടി. വാഷിങ്ടണ്‍ സുന്ദര്‍ (103 പന്തില്‍ 42) വാലറ്റ തകര്‍ച്ചയില്‍ നിന്നു കാത്തു. കരുണ്‍ നായര്‍ (50 പന്തില്‍ 31), റിഷഭ് പന്ത് (42 പന്തില്‍ 25) എന്നിവരും രണ്ടക്കം കണ്ടു. 
 
ഇംഗ്ലണ്ടിനായി ഷോയ്ബ് ബാഷിര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ടങ്കിനും ക്രിസ് വോക്‌സിനും രണ്ട് വീതം വിക്കറ്റുകള്‍. ബ്രണ്ടന്‍ കാര്‍സ്, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍