Ravi Shastri: ഏഴ് ദിവസം വിശ്രമിച്ച ആള്‍ക്ക് വീണ്ടും വിശ്രമമോ? ഗംഭീറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രവി ശാസ്ത്രി

രേണുക വേണു

വ്യാഴം, 3 ജൂലൈ 2025 (11:06 IST)
Jasprit Bumrah and Ravi Shastri

Ravi Shastri: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രിത് ബുംറയെ കളിപ്പിക്കാത്തത് മോശം തീരുമാനമെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ആദ്യ ടെസ്റ്റിനു ശേഷം ഏഴ് ദിവസത്തെ ഇടവേള ലഭിച്ചതാണെന്നും വീണ്ടും വിശ്രമം അനുവദിച്ചത് യുക്തിയില്ലാത്ത തീരുമാനമാണെന്നും ശാസ്ത്രി പറഞ്ഞു. 
 
' ടെസ്റ്റ് ഫോര്‍മാറ്റിലെ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ ടെസ്റ്റ് മത്സരം അവര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങള്‍ തോറ്റു, ഓസ്‌ട്രേലിയയ്‌ക്കെതിരെയും മൂന്ന് തോല്‍വി. ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റിലും പരാജയം. വിജയവഴിയിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യക്ക് ഇപ്പോള്‍ അത്യാവശ്യമാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഏഴ് ദിവസത്തെ ഇടവേളയ്ക്കു ശേഷവും അയാള്‍ക്കു വീണ്ടും വിശ്രമം അനുവദിച്ചിരിക്കുന്നു. ഈ തീരുമാനം ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്,' രവി ശാസ്ത്രി പറഞ്ഞു. 
 
ബുംറ കളിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു പോയെന്നും ശാസ്ത്രി പറയുന്നു. ആദ്യ ടെസ്റ്റിനു ശേഷം ഒരാഴ്ചയോളം ഇടവേള ലഭിച്ചിട്ടുണ്ട്. ആര് കളിക്കണമെന്ന കാര്യത്തില്‍ പൂര്‍ണമായും തീരുമാനമെടുക്കേണ്ടത് പരിശീലകനും നായകനുമാണ്. വേറെ ആര് കളിച്ചില്ലെങ്കിലും ഇങ്ങനെയൊരു പ്രധാനപ്പെട്ട മത്സരത്തില്‍ ബുംറ എന്തായാലും പ്ലേയിങ് ഇലവനില്‍ വേണമായിരുന്നെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയ്ക്കു പകരം ആകാശ് ദീപ് ആണ് ഇത്തവണ പേസ് നിരയില്‍ ഇടംപിടിച്ചത്. മൂന്നാം ടെസ്റ്റില്‍ ബുംറ കളിക്കും. അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു നേരത്തെ വിശ്രമം അനുവദിച്ചിട്ടുള്ളതാണ്. അതിനാല്‍ മൂന്നാം ടെസ്റ്റിനു ശേഷം ബുംറ ഇന്ത്യയിലേക്ക് മടങ്ങും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍