മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അഭിറാം മനോഹർ

തിങ്കള്‍, 21 ജൂലൈ 2025 (13:17 IST)
Mike Hessen
ബംഗ്ലാദേശിനെതിരായ ദയനീയമായ തോല്‍വിക്ക് പിന്നാലെ മിര്‍പൂരിലെ പിച്ചിന്റെ ദയനീയമായ അവസ്ഥക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ വൈറ്റ്- ബോള്‍ പരിശീലകനായ മൈക്ക് ഹെസ്സന്‍. അന്താരാഷ്ട്ര നിലവാരമില്ലാത്ത പിച്ചായിരുന്നു മിര്‍പൂരിലേതെന്നും ഇരുടീമുകളുടെ വളര്‍ച്ചയ്ക്ക് ഇത്തരം പിച്ചുകള്‍ സഹായകമാകില്ലെന്നും മൈക് ഹെസന്‍ മത്സരശേഷം തുറന്നടിച്ചു.
 
 ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെറും 110 റണ്‍സിനാണ് പാകിസ്ഥാന്‍ ടീം ഓള്‍ ഔട്ടായത്. ബംഗ്ലാദേശിനെതിരെ ടി20യില്‍ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 44 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ ഫഖര്‍ സമനൊഴികെ ഒരു പാകിസ്ഥാന്‍ മുന്‍നിര ബാറ്റര്‍ക്കും മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് പര്‍വേശ് ഹുസൈന്‍ എമോന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ 15.3 ഓവറിലാണ് ലക്ഷ്യം മറികടന്നത്.
 
മത്സരശേഷമാണ് മൈക്ക് ഹെസ്സന്‍ പിച്ചിനെതിരെ ആഞ്ഞടിച്ചത്. ഇത്തരം പിച്ചുകള്‍ ഒരുപക്ഷേ ബംഗ്ലാദേശിന് ഹോം അഡ്വാന്‍ഡേജ് നല്‍കുന്നുണ്ടായേക്കാം. ഏഷ്യാകപ്പ് അടക്കമുള്ള വലിയ ടൂര്‍ണമെന്റുകള്‍ അടുത്തിരിക്കുമ്പോള്‍ ഇത്തരം പിച്ചുകള്‍ ക്രിക്കറ്റിനെ ഒരുതരത്തിലും സഹായിക്കില്ല. മൈക്ക് ഹെസ്സന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍