കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

അഭിറാം മനോഹർ

തിങ്കള്‍, 21 ജൂലൈ 2025 (12:37 IST)
കഴിഞ്ഞ രഞ്ജി ട്രോഫി സെമിഫൈനലില്‍ കേരളത്തിനായി കളിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്ന് ഇന്ത്യന്‍ താരവും മലയാളിയുമായ സഞ്ജു സാംസണ്‍. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയാണ് കേരള ക്രിക്കറ്റിനെ പറ്റിയും രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ മികച്ച പ്രകടനത്തെ പറ്റിയും സഞ്ജു വാചാലനായത്. അടുത്ത തവണ കേരളം രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുമ്പോള്‍ താനും കേരളത്തിനായി കളിക്കുമെന്നും കേരള ക്രിക്കറ്റ് ലീഗ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മികച്ച ആഭ്യന്തര ലീഗുകളില്‍ ഒന്നായി മാറുമെന്നും സഞ്ജു പറഞ്ഞു.
 
ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ കേരളത്തിലെ താരങ്ങളെ കുറിച്ച് നല്ല മതിപ്പാണ്. കേരള ക്രിക്കറ്റിന്റെ ടാലന്റ് ഒരു രക്ഷയും ഇല്ലെന്നാണ് എല്ലാവരും വിചാരിക്കുന്നത്. നമുക്ക് നമ്മളൊന്നും വിചാരിക്കാത്ത ലെവലിലുള്ള പൊട്ടന്‍ഷ്യലുണ്ട്. രാവിലെ 7 മണിമുതല്‍ വൈകീട്ട് 6 മണിവരെ വിയര്‍പ്പൊഴുക്കിയാണ് നമ്മളൊക്കെ ക്രിക്കറ്റര്‍മാരായി വളരുന്നത്. ഇതൊന്നും ഒരു ദിവസം കൊണ്ട് സംഭവിച്ച മാറ്റമല്ല. മുന്‍പ് രഞ്ജിയില്‍ കളിക്കുമ്പോള്‍ കേരളത്തിനോട് മറ്റ് ടീമുകള്‍ക്ക് പുച്ഛമായിരുന്നു. അന്ന് തമിഴ്നാടിനും കര്‍ണാടകയ്ക്കും ഒക്കെയായി കളിക്കുന്ന കൂട്ടുകാര്‍ കേരളത്തിനെതിരെ കളിക്കുമ്പോള്‍ വളരെ പുച്ഛിച്ചാണ് സംസാരിക്കുക. കളി കേരളത്തിനെതിരെയല്ല 2 ദിവസം കൊണ്ട് കളി തീര്‍ത്ത് മൂന്നാമത്തെ ദിവസം വീട്ടില്‍ പോകാം എന്നൊക്കെ പറഞ്ഞാണ് അവര്‍ കളിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി സഞ്ജു സാംസണ്‍ പറയുന്നു.
-
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍