Kerala vs Maharashtra: വന്നവരെയെല്ലാം പൂജ്യത്തിന് മടക്കി, രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയെ ഞെട്ടിച്ച് കേരളം, സ്വപ്നതുല്യമായ തുടക്കം
രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് സ്വപ്നതുല്യമായ തുടക്കം.ആഭ്യന്തര ക്രിക്കറ്റിലെ ശക്തരായ മഹാരാഷ്ട്രയുടെ 4 വിക്കറ്റുകളാണ് കേരളം 5 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ സ്വന്തമാക്കിയത്. ടോപ് ഓര്‍ഡറിനെ 3 ബാറ്റര്‍മാരും മധ്യനിര താരമായ അങ്കിത് ബാവ്‌നെയും റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്.
എംഡി നിതീഷ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ പൃഥ്വി ഷായും അഞ്ചാം പന്തില്‍ സിദ്ധീഷ് വീറും പൂജ്യരായി മടങ്ങി. മത്സരത്തിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍കര്‍ണിയെ ബേസില്‍ പുറത്താക്കി. ഇതോടെ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കും മുന്‍പ് തന്നെ മഹാരാഷ്ട്രയുടെ 3 വിക്കറ്റുകള്‍ നഷ്ടമായി. കേരള ബൗളര്‍മാര്‍ നല്‍കിയ എക്‌സ്ട്രകളുടെ സഹായത്താല്‍ ടീം സ്‌കോര്‍ 5 റണ്‍സില്‍ നില്‍ക്കെ മധ്യനിര ബാറ്ററായ അങ്കിത് ബാവ്‌നെയേയും ബേസില്‍ മടക്കി.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര. 12 റണ്‍സെടുത്ത സൗരഭ് നവാലെയുടെ വിക്കറ്റാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായത്. എംഡി നിതീഷിനാണ് വിക്കറ്റ്. റുതുരാജ് ഗെയ്ക്ക്വാദ്- ജലജ് സക്‌സേന എന്നിവരാണ് ക്രീസിലുള്ളത്. കേരളത്തിനായി എം ഡി നിതീഷ് 3 വിക്കറ്റും നെടുംകുഴിയില്‍ ബേസില്‍ 2 വിക്കറ്റും വീഴ്ത്തി.