India vs England 2nd Test: സിറാജ് 'ബുംറയായി'; സൂക്ഷിച്ചുകളിച്ചാല്‍ ഇന്ത്യക്ക് ജയിക്കാം

രേണുക വേണു

ശനി, 5 ജൂലൈ 2025 (09:31 IST)
Mohammed Siraj

India vs England 2nd Test: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആധിപത്യം തുടരുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആകെ ലീഡ് 244 റണ്‍സായി. 
 
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 587 പിന്തുടരാന്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 407 നു ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ 187 റണ്‍സ് ലീഡ് ലഭിച്ചു. കെ.എല്‍.രാഹുല്‍ (38 പന്തില്‍ 28), കരുണ്‍ നായര്‍ (18 പന്തില്‍ ഏഴ്) എന്നിവരാണ് ഇന്ത്യക്കായി ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (22 പന്തില്‍ 28) പുറത്തായി. 
 
വന്‍ തകര്‍ച്ച മുന്നില്‍കണ്ട ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 407 ലേക്ക് എത്തിച്ചത് ജാമി സ്മിത്ത് (207 പന്തില്‍ 184), ഹാരി ബ്രൂക്ക് (234 പന്തില്‍ 158) എന്നിവരുടെ സെഞ്ചുറികളാണ്. ഇന്ത്യ പ്രതിരോധത്തിലായേക്കുമെന്ന് തോന്നിച്ച സമയത്ത് മുഹമ്മദ് സിറാജ് രക്ഷകനായെത്തി. 19.3 ഓവറില്‍ 70 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ് ദീപ് 20 ഓവറില്‍ 88 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. 
 
നാലാം ദിനമായ ഇന്ന് 500 റണ്‍സിന്റെ ലീഡിലേക്ക് എത്തിയ ശേഷം ഡിക്ലയര്‍ ചെയ്യുകയാകും ഇന്ത്യയുടെ പദ്ധതി. അതിനു ഇന്ത്യക്ക് വേണ്ടത് 256 റണ്‍സ് കൂടിയാണ്. ഒന്‍പത് വിക്കറ്റ് ശേഷിക്കെ അതിവേഗം ഈ ലക്ഷ്യം സാധ്യമാക്കുകയായിരിക്കും ഇന്ത്യയുടെ പ്ലാന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍