എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ഇതുവരെ കളിച്ചത് എട്ട് ടെസ്റ്റ് മത്സരങ്ങള്‍. അതില്‍ ഏഴിലും തോല്‍വി, ഒരു മത്സരം സമനിലയായി. 2022 ലാണ് ഇന്ത്യ അവസാനമായി എഡ്ജ്ബാസ്റ്റണില്‍ കളിച്ചത്. അന്ന് ഇംഗ്ലണ്ടിനോടു ഏഴ് വിക്കറ്റിനു തോല്‍വി വഴങ്ങിയിരുന്നു. ആതിഥേയരായ ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണില്‍ കളിച്ച അവസാന അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ മൂന്നിലും തോറ്റു എന്നതുമാത്രമാണ് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന ചരിത്രം.
എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ കളിച്ചത് 56 ടെസ്റ്റുകളാണ്. അതില്‍ 29 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചിരിക്കുന്നത്. 12 മത്സരങ്ങളില്‍ ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ടീം ജയിച്ചപ്പോള്‍ 15 കളികള്‍ സമനിലയില്‍ കലാശിച്ചു. ഇന്ത്യക്കെതിരെ 2011 ല്‍ ഇംഗ്ലണ്ട് നേടിയ 710/7 (ഡിക്ലയര്‍) ആണ് എഡ്ജ്ബാസ്റ്റണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. അന്ന് മഹേന്ദ്രസിങ് ധോണിയായിരുന്നു ഇന്ത്യന്‍ നായകന്‍. 2010 ല്‍ ഇംഗ്ലണ്ടിനോടു 72 റണ്‍സിനു ഓള്‍ഔട്ട് ആയ പാക്കിസ്ഥാന്റെ കൈയിലാണ് എഡ്ജ്ബാസ്റ്റണിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ്. 2022 ല്‍ ആതിഥേയരായ ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ പിന്തുടര്‍ന്നു ജയിച്ച 378 റണ്‍സാണ് നാലാം ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന ചേസിങ് സ്‌കോര്‍.