ക്രിക്കറ്റ് ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന വാംഖഡെയിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന ആവേശപോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിംഗും ഡെത്ത് ഓവറുകളില്‍ ജസ്പ്രീത് ബുമ്ര നടത്തിയ അവിശ്വസനീയ പ്രകടനവുമാണ് ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. മത്സരത്തിന്റെ അവസാന ഘട്ടങ്ങളില്‍ തന്റെ നെഞ്ചിടിപ്പ് 160-175 വരെ ആയിരുന്നിരിക്കുമെന്നാണ് മത്സരശേഷം നായകന്‍ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചത്.
'ക്രീസിലേക്ക് പോകുമ്പോള്‍ തന്നെ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സൂര്യ പറയുന്നു. വിക്കറ്റുകള്‍ വീണപ്പോഴും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിക്കാനുള്ള അവന്റെ തീരുമാനം നിര്‍ണ്ണായകമായി,സഞ്ജു സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യവും അതായിരുന്നു. ഒരു വര്‍ഷമായി സഞ്ജു നടത്തുന്ന കഠിനാദ്ധ്വാനത്തിന്റെ ഫലമാണിത്. അതൊരു സ്‌പെഷ്യല്‍ ഇന്നിങ്ങ്‌സായിരുന്നു മത്സരശേഷം ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
അവസാന ഓവറുകളിലെ പിരിമുറുക്കത്തെക്കുറിച്ച് സൂര്യകുമാര്‍ പറഞ്ഞത് ഇങ്ങനെ: 'മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ആരെങ്കിലും എന്റെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കില്‍ അത് 160-175 വരെ എത്തുമായിരുന്നു. അത്രത്തോളം സമ്മര്‍ദ്ദത്തിലായിരുന്നു ഞാന്‍. പക്ഷേ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയമാണ്.'ജേക്കബ് ബേഥലിന്റെ വെടിക്കെട്ട് ബാറ്റിംഗിനിടയിലും പതറാതെ പന്തെറിഞ്ഞ ബുമ്രയെ 'അണ്‍ബിലീവബിള്‍' എന്നാണ് നായകന്‍ വിശേഷിപ്പിച്ചത്. അക്‌സര്‍ പട്ടേലും ശിവം ദുബെയും എടുത്ത തകര്‍പ്പന്‍ ക്യാച്ചുകളും വിജയത്തില്‍ വലിയ പങ്കുവഹിച്ചെന്നും സൂര്യ പറഞ്ഞു.
ഇംഗ്ലണ്ട് നല്ല രീതിയില്‍ പൊരുതി. ഞങ്ങള്‍ ജയിക്കാന്‍ ഇനിയും എത്ര റണ്‍സ് അടിക്കണമെന്ന് ഹാരി ബ്രൂക്കിനോട് തമാശയായി ചോദിച്ചിരുന്നു. അവര്‍ അത്രത്തോളം നന്നായി പൊരുതി. അര്‍ഷദീപും ബുമ്രയും കളി തിരിച്ചുപിടിച്ച രീതി അവിശ്വസനീയമാണ്. നിര്‍ണായകഘട്ടങ്ങളില്‍ അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. സൂര്യ പറഞ്ഞു. സമ്മര്‍ദ്ദം ഉണ്ടാകുമെങ്കിലും ടീമും സപ്പോര്‍ട്ട് സ്റ്റാഫും ആവേശത്തിലാണെന്നും കിരീടം നിലനിര്‍ത്താന്‍ സാധിക്കുമെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.