Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ
ടി20 ലോകകപ്പ് 2026-ലെ രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് കടന്നെങ്കിലും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക തുടരുന്നു. ലോകകപ്പിന് മുന്‍പായി കളിച്ച മത്സരങ്ങളിലെല്ലാം എതിര്‍ ടീമുകളെ കുഴക്കിയിരുന്ന വരുണ്‍ ചക്രവര്‍ത്തി മാജിക് ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രമെ വരുണിന് തുടരാന്‍ സാധിച്ചുള്ളു. താരത്തിന്റെ ബൗളിങ്ങിനെ എങ്ങനെ കൗണ്ടര്‍ ചെയ്യാമെന്ന് ദക്ഷിണാഫ്രിക്ക കാണിച്ചുതന്നതിന് പിന്നാലെ മറ്റ് ടീമുകളും യാതൊരു പ്രയാസവുമില്ലാതെയാണ് ഇന്ത്യന്‍ സ്പിന്നറെ നേരിടുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ നാലോവറില്‍ 64 റണ്‍സാണ് വരുണ്‍ വഴങ്ങിയത്.
വാന്‍ഖഡേ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഈ സെമിഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ 89 റണ്‍സ് കരുത്തില്‍ 253 എന്ന വമ്പന്‍ ടോട്ടലാണ് സ്വന്തമാക്കിയത്. തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീണെങ്കിലും ഐതിഹാസികമായ ഇന്നിങ്ങ്‌സ് കളിച്ച ജേക്കബ് ബേഥലിന്റെ മികവില്‍ 7 റണ്‍സകലെയാണ് ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചത്. മത്സരത്തില്‍ ജസ്പ്രീത് ബുമ്രയൊഴികെയുള്ള ബൗളര്‍മാരെല്ലാം തല്ലുകൊണ്ടെങ്കിലും വരുണ്‍ ചക്രവര്‍ത്തിയാണ് ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്. 64 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഇതോടെ ടി20 ലോകകപ്പിലെ എക്‌സ്‌പെന്‍സീവ് സ്‌പെല്ലുകളില്‍ മൂന്നാം സ്ഥാനമെന്ന നാണക്കേടും വരുണ്‍ സ്വന്തമാക്കി.
ഇന്ത്യക്കെതിരെ ആദ്യ ഓവര്‍ മുതല്‍ തന്നെ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെതല്‍ ചക്രവര്‍ത്തിയെ ലക്ഷ്യമിട്ടു. ആ ഓവറില്‍ ബെതല്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ കൊണ്ട് ഇന്ത്യന്‍ മിസ്റ്ററി സ്പിന്നറെ തകര്‍ത്തു. ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയെങ്കിലും ബൗണ്ടറികളുടെ പ്രവാഹം തടയാന്‍ ചക്രവര്‍ത്തിക്ക് കഴിഞ്ഞില്ല. മത്സരത്തിലെ ആറാം ഓവറില്‍ മൂന്ന് സിക്‌സ്, ഒരു ഫോര്‍ - ഇംഗ്ലണ്ട് ആ ഓവറില്‍ 23 റണ്‍സ് അടിച്ചു. തുടര്‍ന്നുള്ള ഓവറുകളിലും ബെതല്‍ ചക്രവര്‍ത്തിയെ തിരെഞ്ഞുപിടിച്ച് ആക്രമിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയ, പാകിസ്താന്‍, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരെ 4.75 ഇക്കോണമി റേറ്റില്‍ 8 വിക്കറ്റുകള്‍ നേടികൊണ്ടാണ് വരുണ്‍ തുടങ്ങിയത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരെ 12 ഓവറില്‍ വിട്ടുകൊടുത്തത് 122 റണ്‍സാണ്.