ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്ക് കാരണം ഫീല്‍ഡില്‍ താന്‍ വരുത്തിയ വലിയ പിഴവെന്ന് സമ്മതിച്ച് ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്ക്.സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് മത്സരത്തിലെ നിര്‍ണ്ണായക വഴിത്തിരിവായെന്നും തന്റെ ആ ഒരു പിഴവ് ടീമിന് വലിയ വില നല്‍കേണ്ടി വന്നുവെന്നും ബ്രൂക്ക് തുറന്നുപറഞ്ഞു.
ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ സഞ്ജു സാംസണ്‍ 15 റണ്‍സെടുത്തു നില്‍ക്കെയാണ് ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയത്. എന്നാല്‍ ആ അവസരം മുതലാക്കാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന് സാധിച്ചില്ല. 'സഞ്ജുവിനെ പുറത്താക്കാനുള്ള അവസരം പാഴാക്കിയത് വലിയ തെറ്റായിപ്പോയി. ഫീല്‍ഡിംഗില്‍ ഞങ്ങള്‍ ഒട്ടും മികച്ചവരായിരുന്നില്ല. ഇന്ത്യയെപ്പോലൊരു ടീമിനെതിരെ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലായിരുന്നു,' മത്സരശേഷം ബ്രൂക്ക് പറഞ്ഞു.
ക്യാച്ച് കൈവിട്ടതോടെ ലഭിച്ച അവസരം സഞ്ജു പൂര്‍ണ്ണമായും മുതലെടുത്തു. കേവലം 42 പന്തില്‍ നിന്ന് 89 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ 253 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സഞ്ജു ഓരോ റണ്‍സും കൂട്ടിച്ചേര്‍ക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡിലേക്ക് നോക്കാന്‍ തനിക്ക് പേടിയായിരുന്നുവെന്നും, താന്‍ ബാറ്റ് ചെയ്യുമ്പോള്‍ 80-90 റണ്‍സ് നേടി ആ തെറ്റ് തിരുത്തേണ്ടി വരുമെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും ബ്രൂക്ക് വെളിപ്പെടുത്തി.
പൊരുതിത്തോറ്റ് ഇംഗ്ലണ്ട്
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബെഥേല്‍ (48 പന്തില്‍ 105) ഉജ്ജ്വല സെഞ്ച്വറി നേടിയെങ്കിലും വിജയലക്ഷ്യത്തിന് ഏഴ് റണ്‍സ് അകലെ ഇംഗ്ലണ്ട് വീണു. ജേക്കബ് ബെഥേലിന്റെ പ്രകടനത്തെ അവിശ്വസനീയമെന്നാണ് വ്രൂക്ക് വിശേഷിപ്പിച്ചത്. ഞങ്ങള്‍ക്ക് ഇതൊരു മികച്ച ടൂര്‍ണമെന്റായിരുന്നു. ഞങ്ങള്‍ കളിച്ച രീതിയില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്ന് തോറ്റവരുടെ പക്ഷത്ത് നില്‍ക്കേണ്ടി വന്നു. ബ്രൂക്ക് പറഞ്ഞു.