Shubman Gill: 'ടെന്‍ഷനോ, എനിക്കോ'; ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും ക്യാപ്റ്റന്റെ കളിയുമായി ഗില്‍

രേണുക വേണു

വ്യാഴം, 3 ജൂലൈ 2025 (09:24 IST)
Shubman Gill

Shubman Gill: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 85 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് നേടിയിട്ടുണ്ട്. 216 പന്തില്‍ 12 ഫോറുകള്‍ സഹിതം 114 റണ്‍സുമായി നായകന്‍ ശുഭ്മാന്‍ ഗില്ലും 67 പന്തില്‍ 41 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 
 
ക്രീസിലെത്തിയ നിമിഷം മുതല്‍ ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുകയായിരുന്നു ഗില്‍. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (107 പന്തില്‍ 87 റണ്‍സ്) അര്‍ധ സെഞ്ചുറി നേടിയത് ഒഴിച്ചാല്‍ മറ്റു ഇന്ത്യന്‍ താരങ്ങളൊന്നും സ്‌കോര്‍ ബോര്‍ഡിലേക്ക് അത്ര വലിയ സംഭാവനകള്‍ നല്‍കിയിട്ടില്ല. നിര്‍ണായക വിക്കറ്റുകള്‍ ഒരുവശത്ത് വീഴുമ്പോഴും ഗില്‍ മറുവശത്ത് വളരെ കൂളായി നില്‍ക്കുകയായിരുന്നു. 
 
കെ.എല്‍.രാഹുല്‍ (രണ്ട്), കരുണ്‍ നായര്‍ (31), റിഷഭ് പന്ത് (25), നിതീഷ് കുമാര്‍ റെഡ്ഡി (ഒന്ന്) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. പ്രധാന ബാറ്റര്‍മാര്‍ കൂടാരം കയറിയതിനാല്‍ തന്റെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കിയ ഗില്‍ സൂക്ഷ്മതയോടെയാണ് ബാറ്റ് ചെയ്തത്. 125 പന്തുകള്‍ നേരിട്ടാണ് ഗില്‍ അര്‍ധ സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയത് 199-ാം പന്തില്‍. ടെസ്റ്റ് ഫോര്‍മാറ്റിലെ ഗില്ലിന്റെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറി കൂടിയാണിത്. ഗില്ലിനെ കുടുക്കാന്‍ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ഫീല്‍ഡില്‍ മാറ്റങ്ങള്‍ വരുത്തി. അപ്പോഴെല്ലാം ക്ഷമയോടെ പ്രതിരോധ മതില്‍ തീര്‍ക്കുകയായിരുന്നു ഗില്‍. 
 
എഡ്ജ്ബാസ്റ്റണില്‍ ആദ്യ ഇന്നിങ്‌സില്‍ 450 റണ്‍സ് തികയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനു വേണ്ടത് ഗില്‍ രണ്ടാം ദിനം ആദ്യ സെഷന്‍ മുഴുവന്‍ ക്രീസിലുണ്ടാവുകയാണ്. ആദ്യദിനത്തിലെ പോലെ അതീവ ശ്രദ്ധയോടെയായിരിക്കും ഗില്‍ രണ്ടാം ദിനത്തിലും ബാറ്റ് ചെയ്യുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍