Shubman Gill: നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ ടെസ്റ്റില്‍ തോല്‍വി; ഗില്ലിനു പറയാനുണ്ട്

രേണുക വേണു

ബുധന്‍, 25 ജൂണ്‍ 2025 (08:45 IST)
Shubman Gill: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മുഴുവന്‍ സമയ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി ശുഭ്മാന്‍ ഗില്‍. ലീഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. 
 
ക്യാച്ചുകള്‍ നഷ്ടമാക്കിയതും വാലറ്റം ബാറ്റിങ്ങില്‍ പൂര്‍ണമായി പരാജയപ്പെട്ടതുമാണ് കളി തോല്‍ക്കാനുള്ള പ്രധാന കാരണമെന്ന് മത്സരശേഷം ഗില്‍ പ്രതികരിച്ചു. മൊത്തത്തില്‍ നോക്കുമ്പോള്‍ മികച്ച പോരാട്ടമാണ് നടത്തിയത്. ഈ ടീമില്‍ തനിക്കു അഭിമാനമുണ്ടെന്നും ഗില്‍ പറഞ്ഞു. 
 
' എനിക്ക് തോന്നുന്നു, ഇത് മികച്ചൊരു മത്സരമായിരുന്നു. ഞങ്ങള്‍ക്കു ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്നതാണ്. പക്ഷേ ഞങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി, വാലറ്റം കാര്യമായ സംഭാവനകള്‍ നല്‍കിയില്ല. എങ്കിലും ഈ ടീമില്‍ എനിക്ക് അഭിമാനമുണ്ട്. മൊത്തത്തില്‍ നോക്കുമ്പോള്‍ മികച്ചൊരു പോരാട്ടമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 430 ലീഡാക്കി ഡിക്ലയര്‍ ചെയ്യാനായിരുന്നു നാലാം ദിനം ഞങ്ങള്‍ ആലോചിച്ചിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ അവസാന ആറ് വിക്കറ്റുകള്‍ 20-25 റണ്‍സിനിടെ നഷ്ടമായി. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പോലും ഞങ്ങള്‍ക്കു ഇനിയും സാധ്യതയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കാര്യങ്ങള്‍ ഞങ്ങള്‍ക്കു അനുകൂലമായില്ല,' ഗില്‍ പറഞ്ഞു. 
 
രണ്ടാം ഇന്നിങ്‌സില്‍ 371 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ബെന്‍ ഡക്കറ്റ് ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി. 170 പന്തില്‍ 21 ഫോറും ഒരു സിക്‌സും സഹിതം 149 റണ്‍സാണ് ഡക്കറ്റ് രണ്ടാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ താരം അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍