2019 ലെ ഏകദിന ലോകകപ്പ് സെമിഫൈനല്‍ മത്സരം ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ലാത്ത മത്സരമാണ്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് നായകന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ അപ്രതീക്ഷിത റണ്ണൗട്ട് മത്സരം മാറ്റിമറിച്ചത്. മത്സരത്തിലെ നിര്‍ണായകമായ ഘട്ടത്തില്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ ഓവറിലെ ഒരു പന്ത് ലീവ് ചെയ്തത് അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ധോനിയുടെ ആ ലീവ് ഇപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ മത്സരത്തിലെ ആ നിമിഷത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ലോക്കി ഫെര്‍ഗൂസന്‍.
ലോകകപ്പിലെ നിര്‍ണായകമായ ഘട്ടത്തില്‍ മഹേന്ദ്ര സിംഗ് ധോനിയുടെ അത്തരമൊരു തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ലോക്കി ഫെര്‍ഗൂസണ്‍ പറയുന്നത്. മത്സരത്തിലെ നിര്‍ണായകഘട്ടത്തില്‍ ധോനിയെ റണ്‍സെടുക്കാന്‍ അനുവദിക്കാതിരിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ധോനിയ്ക്ക് അടിക്കാന്‍ പാകത്തിലുള്ള പന്താണ് എന്റെ കയ്യില്‍ നിന്നും വന്നത്. തീര്‍ച്ചയായും അതില്‍ റണ്‍സെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹം ആ പന്ത് ലീവ് ചെയ്തു. അതെന്നെ അതിശയിപ്പിച്ചു. അത്തരമൊരു ഘട്ടത്തില്‍ ബാറ്റ്‌സ്മാന്‍ പന്ത് വിട്ടുകളയുന്നത് ബൗളര്‍ക്ക് അനുകൂലമാണ്. ഫെര്‍ഗൂസന്‍ പറഞ്ഞു.
മത്സരത്തില്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 49മത്തെ ഓവറിലെ മൂന്നാം പന്തില്‍ ധോനി മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പന്തിലാണ് പുറത്താകുന്നത്. ഈ സമയത്ത് 9 പന്തുകള്‍ ശേഷിക്കെ വിജയിക്കാനായി 24 റണ്‍സ് വേണമെന്ന നിലയിലായിരുന്നു ഇന്ത്യ.മത്സരത്തില്‍ 72 പന്തില്‍ 50 റണ്‍സുമായി ധോനി പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകളും അവസാനിച്ചു. 18 റണ്‍സിന്റെ തോല്‍വിയാണ് സെമിയില്‍ അന്ന് ഇന്ത്യ ഏറ്റുവാങ്ങിയത്.