ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷനെ പറ്റി ആശങ്കകള്‍ ഉയരുന്നതിനിടെ സഞ്ജുവിന് ഏത് പൊസിഷനിലും തിളങ്ങാനാകുമെന്ന് വ്യക്തമാക്കി സഞ്ജുവിന്റെ മെന്ററും മുന്‍ കേരള താരവുമായ റൈഫി വിന്‍സെന്റ് ഗോമസ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍ റോളിലാണ് കളിക്കുന്നതെങ്കിലും ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനെ പറ്റി ആശങ്കകള്‍ ഉയര്‍ന്നത്. താരത്തിനെ ഫിനിഷറായി കളിപ്പിക്കുമോ അതോ മധ്യനിരയില്‍ അതേ റോള്‍ ചെയ്യുന്ന ജിതേഷ് ശര്‍മയ്ക്കായിരിക്കുമോ ഇന്ത്യ അവസരം നല്‍കുക എന്നതും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് റൈഫിയുടെ പ്രതികരണം.
ഏത് പൊസിഷനിലും കളിക്കാനുള്ള ശേഷി സഞ്ജുവിനുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കളിക്കാരനെന്ന നിലയില്‍ സഞ്ജു ഫ്‌ളെക്‌സിബിളും സ്വന്തം കഴിവില്‍ ആത്മവിശ്വാസമുള്ള താരവുമാണ്. ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ സംഭവിച്ചത് എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും സംഭവിക്കുന്നതാണ്. പരിക്കിന് ശേഷം ഫിറ്റ്‌നസ് വീണ്ടെടൂക്കാന്‍ സഞ്ജു ആവശ്യമായ സമയം ചെലവഴിച്ചു. കെസിഎല്ലിലെ പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് സഞ്ജുവുള്ളത്. റൈഫി വ്യക്തമാക്കി.