ഷമിയെ പോലെ പന്തെറിയാൻ അവനാകും, ബുമ്രയില്ലെങ്കിൽ ആര് കളിക്കണം? നിർദേശവുമായി ഇർഫാൻ പത്താൻ

അഭിറാം മനോഹർ

ചൊവ്വ, 1 ജൂലൈ 2025 (16:24 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നല്‍കുകയാണെങ്കില്‍ പകരക്കാരനായി ആകാശ് ദീപിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ പേസറായ ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ ടീമില്‍ ഷമിയുണ്ടാക്കിയ അതേ ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ ആകാശ് ദീപിന് സാധിക്കുമെന്ന് ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം നാളെ തുടങ്ങാനിരിക്കെയാണ് ഇര്‍ഫാന്‍ അഭിപ്രായം വ്യക്തമാക്കിയത്.
 
 അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1-0ത്തിന് പിന്നിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യ 5 വിക്കറ്റിന് പരാജയപ്പെട്ടു. ബൗളിങ്ങില്‍ ബുമ്രയ്ക്കല്ലാതെ മറ്റാര്‍ക്കും തന്നെ സ്വാധീനം ചെലുത്താന്‍ ആയിരുന്നില്ല. ഇതിനിടെ രണ്ടാം മത്സരത്തില്‍ ബുമ്ര കളിച്ചേക്കില്ല എന്ന ആശങ്കകള്‍ നില്‍ക്കെയാണ് ആകാശ് ദീപിനെ പിന്തുണച്ച് ഇര്‍ഫാന്‍ രംഗത്ത് വന്നത്.
 
 ബുമ്ര ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ആകാശ് ദീപിനെ കൊണ്ടുവരുന്നത് ടീം മാനേജ്‌മെന്റ് പരിഗണിക്കണം. നല്ല താളത്തില്‍ പന്തെറിയുന്ന ബൗളറാണ് ആകാശ് ദീപ്. ഷമിയുണ്ടാക്കുന്നത് പോലെ ഇമ്പാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഇര്‍ഫാന്‍ പറഞ്ഞു. അതേസമയം ബുമ്ര രണ്ടാം ഏകദിനത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അവസാന നിമിഷമെ തീരുമാനമുണ്ടാകു എന്നാണ് ഇന്ത്യന്‍ ടീം അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷറ്റ് വ്യക്തമാക്കുന്നത്. ബുമ്രയ്ക്ക് ടീം വിശ്രമം അനുവദിച്ചാല്‍ അര്‍ഷദീപാകും പകരം അരങ്ങേറുക. ബര്‍മിങ്ങാമില്‍ ജഡേജയ്‌ക്കൊപ്പം രണ്ടാം സ്പിന്നറെ കൊണ്ടുവരാനും ടീം ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഷാര്‍ദൂലിന് പകരം വാഷിങ്ടണ്‍ സുന്ദറിനോ കുല്‍ദീപിനോ രണ്ടാം ടെസ്റ്റില്‍ അവസരമൊരുങ്ങും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍