Yashasvi Jaiswal: ജയ്‌സ്വാളിനു ഇരട്ട സെഞ്ചുറി പാഴായി; റണ്‍ഔട്ട് ആക്കിയത് ഗില്ലോ?

രേണുക വേണു

ശനി, 11 ഒക്‌ടോബര്‍ 2025 (14:00 IST)
Jaiswal Runout

Yashasvi Jaiswal: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തായത് റണ്‍ഔട്ടിലൂടെ. ഇരട്ട സെഞ്ചുറിക്ക് 25 റണ്‍സ് മാത്രം വേണ്ടപ്പോഴാണ് ജയ്‌സ്വാള്‍ പുറത്തായത്. നായകന്‍ ശുഭ്മാന്‍ ഗില്‍ ആയിരുന്നു ഈ സമയത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍. ഒന്നാം ദിനം 173 റണ്‍സില്‍ നിന്ന് ആരംഭിച്ച ജയ്‌സ്വാളിന്റെ ഇന്നിങ്‌സ് രണ്ട് റണ്‍സ് മാത്രം നേടി 175 റണ്‍സില്‍ അവസാനിച്ചു. 
 
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിലെ 92-ാം ഓവറില്‍ രണ്ടാം പന്തിലാണ് സംഭവം. ജയ്ഡന്‍ സീല്‍സ് എറിഞ്ഞ പന്തില്‍ മിഡ് ഓഫിലേക്ക് കളിച്ച ജയ്‌സ്വാള്‍ സിംഗിളിനായി കോള്‍ ചെയ്തു. എന്നാല്‍ ശുഭ്മാന്‍ ഗില്‍ സിംഗിളിനുള്ള കോള്‍ നിഷേധിക്കുകയായിരുന്നു. സിംഗിള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നു കരുതിയാണ് ഗില്‍ ജയ്‌സ്വാളിന്റെ കോള്‍ നിഷേധിച്ചത്. ഇത് ജയ്‌സ്വാളിനെ ചൊടിപ്പിക്കുകയും ചെയ്തു. 
 
ജയ്‌സ്വാള്‍ ഓടി ഏതാണ്ട് ക്രീസിനു നടുവില്‍ എത്തിയപ്പോഴാണ് ഗില്‍ മടങ്ങി പോകാന്‍ ആവശ്യപ്പെട്ടത്. ജയ്‌സ്വാള്‍ സ്‌ട്രൈക്കര്‍ ക്രീസിലേക്ക് തിരിച്ചുകയറുമ്പോഴേക്കും ചന്ദര്‍പോളിന്റെ ത്രോ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംലച്ചിന്റെ കൈകളില്‍ എത്തുകയും റണ്‍ഔട്ടാക്കുകയും ചെയ്തു. 
 
ജയ്‌സ്വാള്‍ പുറത്താകാന്‍ കാരണം ഗില്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ജയ്‌സ്വാളിന്റെ കോള്‍ ആയിരുന്നു അത്, സ്‌ട്രൈക്കര്‍ സിംഗിളിനു വിളിച്ചാല്‍ ഓടേണ്ടത് നോണ്‍ സ്‌ട്രൈക്കര്‍ ആണ്. കൃത്യമായി കംപ്ലീറ്റ് ചെയ്യാന്‍ കഴിയുമായിരുന്ന സിംഗിളാണ് ഗില്ലിന്റെ അശ്രദ്ധ കാരണം റണ്‍ഔട്ടിലേക്ക് എത്തിയതെന്നും ആരാധകര്‍ പറയുന്നു. ഇരട്ട സെഞ്ചുറി നഷ്ടമായതിന്റെ വിഷമവും നിരാശയും ജയ്‌സ്വാളിന്റെ മുഖത്ത് പ്രകടമായിരുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മൂന്ന് ടെസ്റ്റ് ഇരട്ട സെഞ്ചുറികള്‍ നേടിയ താരമാകാനുള്ള സുവര്‍ണാവസരമാണ് ജയ്‌സ്വാളിനു നഷ്ടമായത്. 258 പന്തുകള്‍ നേരിട്ട താരം 22 ഫോറുകളുടെ അകമ്പടിയോടെയാണ് 175 റണ്‍സെടുത്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍