Jemimah Rodrigues: 'ഞാന്‍ കുളിക്കാന്‍ കയറി, അറിയില്ലായിരുന്നു മൂന്നാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന്'; ജെമിമ റോഡ്രിഗസ്

രേണുക വേണു

വെള്ളി, 31 ഒക്‌ടോബര്‍ 2025 (09:37 IST)
Jemimah Rodrigues

Jemimah Rodrigues: വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചതിനു പിന്നാലെ അതിവൈകാരികമായി പ്രതികരിച്ച് ജെമിമ റോഡ്രിഗസ്. സെമി ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ജെമിമയാണ് ഇന്ത്യയുടെ വിജയശില്‍പ്പിയും കളിയിലെ താരവും. 
 
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒന്‍പത് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. 134 പന്തില്‍ 14 ഫോറുകള്‍ സഹിതം 127 റണ്‍സുമായി ജെമിമ പുറത്താകാതെ നിന്നു. 
 
മത്സരശേഷം പൊട്ടിക്കരയുകയായിരുന്നു ജെമിമ. ലോകകപ്പില്‍ ഉടനീളം കടുത്ത ഉത്കണ്ഠയിലൂടെ കടന്നുപോകുകയായിരുന്നെന്നും മാനസികമായി വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്നും ജെമിമ പറഞ്ഞു. വണ്‍ഡൗണ്‍ ആയി താന്‍ ബാറ്റ് ചെയ്യേണ്ടിവരുമെന്ന് അറിയില്ലായിരുന്നെന്നും താരം വെളിപ്പെടുത്തി. 
 
' ആദ്യമേ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു, എന്നെക്കൊണ്ട് തനിച്ച് ഇതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് വിശ്വസിക്കുന്നത്. അമ്മ, അച്ഛന്‍, പരിശീലകന്‍ തുടങ്ങി എന്നെ വിശ്വാസത്തിലെടുത്ത എല്ലാ മനുഷ്യര്‍ക്കും ഞാന്‍ നന്ദി പറയുന്നു. കഴിഞ്ഞൊരു മാസക്കാലം എനിക്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇപ്പോഴും ഇതെല്ലാം എനിക്ക് സ്വപ്‌നമായി തോന്നുന്നു,' ജെമിമ പറഞ്ഞു. 
 
' മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചപ്പോള്‍ ഞാന്‍ കുളിക്കാന്‍ പോയി. എപ്പോള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന് എന്നോടു പറയണമെന്ന് ടീം അംഗങ്ങളോടു പറഞ്ഞിരുന്നു. ഞാന്‍ ഗ്രൗണ്ടിലേക്കു ഇറങ്ങുന്നതിനു അഞ്ച് മിനിറ്റ് മുന്‍പാണ് വണ്‍ഡൗണ്‍ ആയിരിക്കുമെന്ന നിര്‍ദേശം ലഭിക്കുന്നത്. എന്റെ ഫിഫ്റ്റിയോ സെഞ്ചുറിയോ അല്ല ഇവിടെ കാര്യം, മറിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുക മാത്രമാണ്. ഇന്ത്യയെ ജയിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഈ ലോകകപ്പിന്റെ ഓരോ ദിവസവും ഞാന്‍ കരയുകയായിരുന്നു. വല്ലാത്തൊരു ഉത്കണ്ഠയിലൂടെയാണ് കടന്നുപോയിരുന്നത്. മാനസികമായ ഏറെ ബുദ്ധിമുട്ടിയിരുന്നു. ബൈബിളിലെ ഒരു വാചകമാണ് അവസാനം വരെ മനസിലുണ്ടായിരുന്നത്. അവസാനം വരെ നില്‍ക്കുക, 'ദൈവം നിനക്കായി പോരാടും'. ഞാന്‍ അവിടെ നിലയുറപ്പിച്ചു, അവന്‍ എനിക്കായി പോരാടി എന്നാണ് വിശ്വസിക്കുന്നത്.' ജെമിമ പ്രതികരിച്ചു. 

ഈ ലോകകപ്പില്‍ ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാമത് ആയിരുന്നു ജെമിമ. ന്യൂസിലന്‍ഡിനെതിരെ മാത്രമാണ് മൂന്നാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍