ലീഗ് കപ്പില്‍ ക്രിസ്റ്റല്‍ പാലസിനോട് 3-0ത്തിന് പരാജയപ്പെട്ടെങ്കിലും ടീമിലെ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ തന്റെ തീരുമാനത്തെ ന്യായീകരിച്ച് ലിവര്‍പൂള്‍ പരിശീലകന്‍ ആര്‍നെ സ്ലോട്ട്. കഴിഞ്ഞ 7 മത്സരങ്ങളില്‍ ലിവര്‍പൂള്‍ നേരിടുന്ന ആറാമത്തെ തോല്‍വിയാണിത്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 4 മത്സരങ്ങളിലാണ് ലിവര്‍പൂള്‍ തോള്‍വി ഏറ്റുവാങ്ങിയത്.
ക്രിസ്റ്റല്‍ പാലസിനെതിരെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ 10 മാറ്റങ്ങളാണ് സ്ലോട്ട് വരുത്തിയത്. പ്രധാനതാരങ്ങളായ വിര്‍ജില്‍ വാന്‍ ഡൈക്ക്, മുഹമ്മദ് സലാ എന്നിവര്‍ക്കൊപ്പം മറ്റ് പ്രധാന താരങ്ങള്‍ക്കും ടീം വിശ്രമം നല്‍കിയിരുന്നു. വരാനിരിക്കുന്നത് തിരക്കേറിയ മത്സരക്രമമാണെന്ന് കാണിച്ചാണ് ഈ തീരുമാനത്തെ സ്ലോട്ട് ന്യായീകരിച്ചത്. ഏഴില്‍ ആറ് മത്സരം തോല്‍ക്കുക എന്നത് ലിവര്‍പൂളിന്റെ നിലവാരമല്ല. പക്ഷേ ഞങ്ങള്‍ക്ക് ഫിറ്റ്‌നസുള്ള 15-16 ഫസ്റ്റ് കളിക്കാരെ ടീമിലുള്ളു. വരുന്ന ആഴ്ച തിരക്കേറിയ മത്സരക്രമമാണെന്നിരിക്കെ ടീമിന് റിസ്‌കെടുക്കാന്‍ കഴിയില്ലായിരുന്നു. സ്ലോട്ട് പറഞ്ഞു.