ലോകകിരീടത്തിനരികെ അര്‍ജന്റീനയുടെ യൂത്ത് ടീമും, കൊളംബിയയെ തകര്‍ത്ത് ഫൈനലില്‍, എതിരാളികള്‍ മൊറോക്കോ

അഭിറാം മനോഹർ

വ്യാഴം, 16 ഒക്‌ടോബര്‍ 2025 (11:14 IST)
ഫിഫ അണ്ടര്‍ 20 ലോകകപ്പിലെ ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലില്‍. തങ്ങളുടെ ഏഴാമത്തെ അണ്ടര്‍ 20 ലോകകിരീടമാണ് അര്‍ജന്റീന ലക്ഷ്യമിടുന്നത്. ഫൈനലില്‍ മൊറോക്കോയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
 
ഇരു ടീമുകളും ജാഗ്രതയോടെയാണ് തുടക്കം മുതല്‍ കളിച്ചത്. എന്നാല്‍ ഇടവേളയ്ക്ക് ശേഷം പ്രതിരോധത്തില്‍ നിന്നും ആക്രമണശൈലിയിലേക്ക് അര്‍ജന്റീന മാറി. എഴുപത്തിയൊന്നാം മിനിറ്റില്‍ ഇന്റര്‍ മയാമിയുടെ മുന്നേറ്റതാരമായ മാറ്റിയോ സില്‍വെറ്റിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. 78മത്തെ മിനിറ്റില്‍ ജോണ്‍ റെന്റേറിയയ്ക്ക് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചതോടെ 10 പേരുമായാണ് കൊളംബിയ ശേഷിക്കുന്ന സമയം കളിച്ചത്.
 
 2007ലാണ് അര്‍ജന്റീന അവസാനമായി അണ്ടര്‍ 20 ലോകകിരീടം സ്വന്തമാക്കിയത്. ഇതടക്കം 6 തവണ ലോകകിരീടം സ്വന്തമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. ഫ്രാന്‍സിനെ സെമിഫൈനല്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മൊറോക്കോ ഫൈനല്‍ പോരിന് യോഗ്യത നേടിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍