ക്രിസ്റ്റ്യാനോ- മെസ്സി ആരാധകർക്ക് അഭിമാനദിവസം, സ്വന്തമാക്കിയത് വമ്പൻ റെക്കോർഡുകൾ

അഭിറാം മനോഹർ

ബുധന്‍, 15 ഒക്‌ടോബര്‍ 2025 (16:59 IST)
രാജ്യാന്തര ഫുട്‌ബോളില്‍ വമ്പന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. പ്യൂര്‍ട്ടോറിക്കെതിരെ നടന്ന സൗഹൃദമത്സരത്തില്‍ 6-0ത്തിന്റെ വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. മത്സരത്തില്‍ 2 അസിസ്റ്റുകള്‍ നേടിയതോടെ രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന ബ്രസീല്‍ താരം നെയ്മര്‍ ജൂനിയറിന്റെ റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. നെയ്മറിന് 58 അസിസ്റ്റുകളുള്ളപ്പോള്‍ 60 അസിസ്റ്റുകളാണ് മെസ്സിയുടെ പേരിലുള്ളത്.
 
പ്രൊഫഷണല്‍ ഫുട്‌ബോളില്‍ 400 അസിസ്റ്റുകളെന്ന നേട്ടം സ്വന്തമാക്കാന്‍ 3 അസിസ്റ്റുകള്‍ മാത്രമാണ് മെസ്സിക്ക് ഇനി വേണ്ടത്. മത്സരത്തില്‍ അലക്‌സി മക് അലിസ്റ്ററും 2 ഗോളുകള്‍ വീതം നേടിയപ്പോള്‍ ഗോണ്‍സാലോ മോണ്ടിയേല്‍ ഒരു ഗോള്‍ നേടി. പ്യൂര്‍ട്ടോറിക്കയുടെ സ്റ്റീവന്‍ എച്ചെവെരിയുടെ സെല്‍ഫ് ഗോള്‍ കൂടി ചേര്‍ത്ത് 6 ഗോളുകളാണ് അര്‍ജന്റീന മത്സരത്തില്‍ നേടിയത്.
 
 അതേസമയം ഹംഗറിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും 2 ഗോളുകളാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടം റൊണാള്‍ഡോ സ്വന്തമാക്കി. 41 ഗോളുകള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്നും മാത്രം നേടിയ റൊണാള്‍ഡോ 39 ഗോള്‍ നേടിയ ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിനെയാണ് മറികടന്നത്. അര്‍ജന്റീനയ്ക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്നും 36 ഗോളുകളാണ് ലയണല്‍ മെസ്സിയുടെ പേരിലുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍