പേസര്‍ മുഹമ്മദ് ഷമിക്ക് പിന്നാലെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. ബിസിസിഐ സെലക്ടര്‍മാരെ തിരെഞ്ഞെടുക്കുന്ന രീതിക്കെതിരെയാണ് രഹാനെ രംഗത്ത് വന്നത്. നിലവില്‍ 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ളവരെയും വിരമിച്ച് 5 വര്‍ഷം കഴിഞ്ഞ താരങ്ങളെയുമാണ് ആഭ്യന്തര സെലക്ടറാകാന്‍ പരിഗണിക്കുന്നത്. ഇത് കാലാഹരണപ്പെട്ട മാതൃകയാണെന്ന് രഹാനെ പറയുന്നു.
20-30 വര്‍ഷം മുന്‍പ് കളിച്ച ക്രിക്കറ്റ് അനുസരിച്ച് തീരുമാനമെടുക്കുന്നവരാകരുത് സെലക്ടര്‍മാര്‍. പ്രത്യേകിച്ച് ടി20, ഐപിഎല്‍ കാലഘട്ടത്തില്‍ പുതിയ ക്രിക്കറ്റിനെ പറ്റി ധാരണയുള്ളവരാകണം സെലക്ടര്‍മാര്‍. അതുപോലെ സെലക്ടര്‍മാരെ ഭയക്കാതെ കളിക്കാനുള്ള സ്വാതന്ത്ര്യം കളിക്കാര്‍ക്കുണ്ടാകണം. രഹാനെ പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ പരമ്പരയെടുത്താല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരങ്ങള്‍ക്ക് ടെസ്റ്റ് ടീമില്‍ അവസരം കിട്ടിയിരുന്നു അത് തുടരണം. ടെസ്റ്റ് ടീം സെലക്ഷന്‍ ആഭ്യന്തര ടൂര്‍ണമെന്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകണം. രഹാനെ വ്യക്തമാക്കി.