ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കാനിരിക്കെ കടുത്ത പരിശീലനത്തിലാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. 2027ലെ ഏകദിന ലോകകപ്പിനായി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ടീമിനെ കെട്ടിപ്പടുക്കുന്നതിലാണ് നിലവില്‍ ഇന്ത്യ ശ്രദ്ധവെയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കായി 2027ലെ ലോകകപ്പില്‍ കോലിയും രോഹിത്തും കളിക്കുമോ എന്ന് ആരാധകര്‍ക്കിടയില്‍ തന്നെ സംശയമുണ്ട്. ഈ സാഹചര്യത്തില്‍ കോലിയുടെയും രോഹിത്തിന്റെയും കളി കാണാന്‍ ഓസ്‌ട്രേലിയന്‍ കാണികള്‍ക്ക് മുന്നിലുള്ള അവസാന അവസരമായേക്കും പരമ്പരയെന്ന് പറയുകയാണ് ഓസീസ് നായകനായ പാറ്റ് കമ്മിന്‍സ്.
കോലിയും രോഹിത്തും കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ഒരു പക്ഷേ ഈ പരമ്പര ഓസ്‌ട്രേലിയയിലെ ആരാധകര്‍ക്ക് അവര്‍ കളിക്കുന്നത് കാണാനുള്ള അവസരമായേക്കാം. അവര്‍ 2 പേരും ഇന്ത്യയുടെ ചാമ്പ്യന്മാരാണ്. അവര്‍ക്ക് എപ്പോഴും മികച്ച പിന്തുണ ലഭിക്കുന്നു. ഞങ്ങള്‍ അവര്‍ക്കെതിരെ കളിക്കുമ്പോഴും അങ്ങനെയാണ്. ഇന്ത്യക്കെതിരായ മത്സരം കാണാന്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകും. ഓസ്‌ട്രേലിയയില്‍ ആവേശം തുടങ്ങികഴിഞ്ഞു. പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാനാകില്ലല്ലോ എന്നോര്‍ത്ത് നിരാശയുണ്ട്. കമ്മിന്‍സ് പറഞ്ഞു.