രഞ്ജി കളിക്കാൻ ആകുമെങ്കിൽ എനിക്ക് ഏകദിനത്തിലും കളിക്കാം, ടീം സെലക്ഷനെ വിമർശിച്ച് മുഹമ്മദ് ഷമി

അഭിറാം മനോഹർ

ബുധന്‍, 15 ഒക്‌ടോബര്‍ 2025 (18:18 IST)
ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ നീരസ്യം പരസ്യമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 2023ലെ ഏകദിന ലോകകപ്പില്‍ പരിക്കേറ്റയ മുഹമ്മദ് ഷമി അവസാനമായി ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യയ്ക്കായി കളിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും ഓസീസിനെതിരായ ഏകദിന ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല.
 
സെലക്ഷന്‍ എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് കാരണമെങ്കില്‍ എനിക്ക് രഞ്ജിയില്‍ ബംഗാളിനായി കളിക്കാനാകില്ലല്ലോ. രഞ്ജി ട്രോഫിയിലെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ എനിക്കാകുമെങ്കില്‍ 50 ഓവര്‍ ക്രിക്കറ്റിലും ഇറങ്ങാനാകും. ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ ഷമി പറഞ്ഞു.
 
ഷമിയുടെ ഫിറ്റ്‌നസിനെ പറ്റി തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പൊള്‍ ടീം സെലക്ടറായ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് ഷമിയുടെ പ്രതികരണം. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പോയി മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത് മാത്രമാണ് തന്റെ ജോലിയെന്നും പരിക്കിനെ പറ്റി അപ്‌ഡേറ്റ് കൊടുക്കേണ്ടത് തന്റെ ജോലിയല്ലെന്നും ഷമി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍