Rajasthan Royals: ജയം ഉറപ്പിച്ച കളി ഡല്‍ഹിയുടെ കാല്‍ക്കല്‍ കൊണ്ടുവച്ചു; രാജസ്ഥാന്‍ പ്രൊഫഷണലിസം ഇല്ലാത്ത ടീം!

രേണുക വേണു

വ്യാഴം, 17 ഏപ്രില്‍ 2025 (09:08 IST)
Rajasthan Royals

Rajasthan Royals: അനായാസം ജയിക്കുമെന്ന് ഉറപ്പിച്ചിടത്തുനിന്ന് നാണംകെട്ട തോല്‍വിയിലേക്ക് ! ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു സംഭവിച്ചത് ഇതാണ്. സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ഡല്‍ഹി അനായാസം ജയിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ചോദ്യം ചെയ്യുന്നത് രാജസ്ഥാന്റെ പ്രൊഫഷണലിസം ആണ്. 
 
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാനും 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. കളി സമനിലയായതോടെ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍. ഈ സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ മത്സരം കൂടിയായിരുന്നു ഇത്. 
 
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നേടിയത് 11 റണ്‍സ് മാത്രം. വെറും നാല് പന്തില്‍ ഡല്‍ഹി അത് മറികടന്നു. മത്സരത്തിന്റെ 20-ാം ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രമായിരുന്നു രാജസ്ഥാനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഡല്‍ഹിക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കാണ് അവസാന ഓവര്‍ എറിഞ്ഞത്. 
 
19 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 180-3 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ആറ് പന്തില്‍ ജയിക്കാന്‍ ഒന്‍പത് റണ്‍സും ശേഷിക്കുന്നത് ഏഴ് വിക്കറ്റുകളും. രാജസ്ഥാന്‍ അനായാസം ജയിക്കുമെന്ന് തോന്നിയ ഈ ഘട്ടത്തില്‍ നിന്ന് വെറും എട്ട് റണ്‍സിനു അവസാന ഓവര്‍ എറിഞ്ഞ് സ്റ്റാര്‍ക്ക് ഡല്‍ഹിക്ക് ജീവന്‍ നല്‍കി. 
 
ഏഴ് വിക്കറ്റ് ശേഷിക്കെ സ്റ്റാര്‍ക്കിനെ ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശ്രമിക്കാതിരുന്ന രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കെതിരെ ആരാധകര്‍ രോഷം കൊള്ളുന്നു. കൂറ്റനടിക്കാരായ ധ്രുവ് ജുറലും ഷിമ്രോണ്‍ ഹെറ്റ്മയറും ആയിരുന്നു അവസാന ഓവറില്‍ ക്രീസില്‍. ഇരുവര്‍ക്കും സ്റ്റാര്‍ക്കിനെ ഒരു ബൗണ്ടറി പോലും അടിക്കാന്‍ സാധിച്ചില്ല. 
 
13.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് നേടിയ ടീമാണ് പിന്നീട് 77 റണ്‍സെടുക്കാന്‍ സാധിക്കാതെ സമനില വഴങ്ങിയത്. 40 പന്തില്‍ 77 റണ്‍സ് ജയിക്കാന്‍ എന്ന ഘട്ടത്തില്‍ നിന്ന് പിന്നീട് 14 പന്തില്‍ 29 മതിയെന്ന അവസ്ഥയിലേക്ക് എത്തിയതാണ്. രാജസ്ഥാന്റെ പ്രൊഫഷണലിസം ഇല്ലായ്മയാണ് ഈ കളി ഡല്‍ഹി ജയിക്കാന്‍ കാരണമെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍