Jos Buttler: പരാഗിനും ഹെറ്റ്മയര്‍ക്കും വേണ്ടി ബട്‌ലറെ ഒഴിവാക്കിയ രാജസ്ഥാന്‍ ഇത് കാണുന്നുണ്ടോ? ഗുജറാത്തിന്റെ ജോസേട്ടന്‍

രേണുക വേണു

വ്യാഴം, 3 ഏപ്രില്‍ 2025 (11:55 IST)
Jos Buttler

Jos Buttler: ജോസ് ബട്‌ലറെ കൈവിട്ടതില്‍ രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ വിഷമിക്കുന്നുണ്ടാകും. രാജസ്ഥാനു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ താരമാണ് ബട്‌ലര്‍. മെഗാ താരലേലത്തിനു മുന്നോടിയായി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ഉറപ്പായും ബട്‌ലറെ നിലനിര്‍ത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു ഫ്രാഞ്ചൈസ് എടുത്തത്. 
 
സഞ്ജുവിനൊപ്പം യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് എന്നിവരെയും വിദേശ താരമായി ഷിമ്രോണ്‍ ഹെറ്റ്മയറിനെയും രാജസ്ഥാന്‍ നിലനിര്‍ത്തി. ബട്‌ലറെ ലേലത്തില്‍ വിടാനും തീരുമാനിച്ചു. താരലേലത്തില്‍ 15.75 കോടിക്കാണ് ഗുജറാത്ത് ബട്‌ലറെ സ്വന്തമാക്കിയത്. 
 
ഈ സീസണില്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങളെല്ലാം നിരാശപ്പെടുത്തുമ്പോള്‍ ജോസ് ബട്‌ലര്‍ മികച്ച ഫോമില്‍ ഗുജറാത്തിനായി കളിക്കുകയാണ്. ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 39 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും സഹിതം 73 റണ്‍സ് നേടി ബട്‌ലര്‍ പുറത്താകാതെ നിന്നു. 
 
ഈ സീസണില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 83 ശരാശരിയില്‍ 166 റണ്‍സാണ് ബട്‌ലര്‍ നേടിയത്. സ്‌ട്രൈക് റേറ്റ് 172.92 ആണ്. നിലവിലെ ഫോം തുടര്‍ന്നാല്‍ ഗുജറാത്തിന്റെ ട്രംപ് കാര്‍ഡായി ജോസ് ബട്‌ലര്‍ മാറുമെന്നാണ് രാജസ്ഥാന്‍ ആരാധകര്‍ അടക്കം പ്രവചിക്കുന്നത്. ബട്‌ലറെ രാജസ്ഥാന്‍ നിലനിര്‍ത്താതിരുന്നത് ഏറ്റവും മോശം തീരുമാനമായിരുന്നെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍