Riyan Parag: റിയാന്‍ പരാഗിന്റെ തറവാട്ട് സ്വത്ത് പോലെയായി; രാജസ്ഥാനില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ സഞ്ജുവിനോടു ഫാന്‍സ്

രേണുക വേണു

വ്യാഴം, 17 ഏപ്രില്‍ 2025 (10:00 IST)
Riyan Parag

Riyan Parag: രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണെ 'സൈഡാക്കാന്‍' മാനേജ്‌മെന്റ് ശ്രമിക്കുന്നതായി ആരാധകര്‍. റിയാന്‍ പരാഗിനെ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് മാനേജ്‌മെന്റിന്റെ നീക്കമെന്ന് സഞ്ജുവിന്റെ ആരാധകര്‍ സംശയിക്കുന്നു. 
 
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ തോറ്റതിനു പിന്നാലെയാണ് രാജസ്ഥാന്‍ ആരാധകര്‍ക്കിടയില്‍ അസ്വാരസ്യം പുകയുന്നത്. മോശം പ്രകടനം നടത്തിയിട്ടും പരാഗിനു തുടര്‍ച്ചയായി അവസരം നല്‍കുന്നത് എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു. 
 
ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 173 റണ്‍സ് മാത്രമാണ് പരാഗ് രാജസ്ഥാനു വേണ്ടി നേടിയിരിക്കുന്നത്. 28.83 ആണ് ശരാശരി. മെഗാ താരലേലത്തിനു മുന്നോടിയായി 14 കോടി ചെലവഴിച്ച് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് പരാഗ്. 
 
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട് വെറും എട്ട് റണ്‍സ് മാത്രമാണ് പരാഗ് നേടിയത്. കളിയില്‍ മോശം രീതിയില്‍ ബാറ്റ് ചെയ്ത പരാഗ് തന്നെയാണ് പിന്നീട് സൂപ്പര്‍ ഓവറില്‍ രാജസ്ഥാനു വേണ്ടി ബാറ്റ് ചെയ്യാനെത്തിയത്. 28 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സ് നേടിയ നിതീഷ് റാണ, 37 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 51 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ പുറത്തുള്ളപ്പോഴാണ് ഫോംഔട്ടില്‍ നില്‍ക്കുന്ന പരാഗ് സൂപ്പര്‍ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയത്. ഇത് രാജസ്ഥാന്‍ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ടീമില്‍ പരാഗിനുള്ള അപ്രമാദിത്തമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആരാധകര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍