ടീമിനായി മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ മാറ്റിനിർത്തുന്നത് ശരിയല്ല, സഞ്ജു പവർപ്ലേയിൽ ഒതുങ്ങുന്ന താരമല്ല: ഇർഫാൻ പത്താൻ

അഭിറാം മനോഹർ

ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (19:13 IST)
ഏഷ്യാകപ്പില്‍ മലയാളി താരമായ സഞ്ജു സാംസണിന്റെ സ്ഥാനത്തെ പറ്റിയുള്ള ആശങ്കകള്‍ ചര്‍ച്ചയാകുന്നതിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരാകണമെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ പേസറായ ഇര്‍ഫാന്‍ പത്താന്‍. ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ഉപനായകനായി ടി20 ടീമില്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഇര്‍ഫാന്‍ പത്താന്റെ പ്രതികരണം.
 
 ഏഷ്യാകപ്പില്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റിങ്ങിനിറങ്ങുമ്പോള്‍ പഴയ പന്തില്‍ ആര്‍ക്കായിരിക്കും മികച്ച രീതിയില്‍ കളിക്കാനാവുക എന്നതിനെ ആശ്രയിച്ചാകും സഞ്ജുവിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനമെന്ന് ഇര്‍ഫാന്‍ പത്താന്‍ പറയുന്നു. ശുഭ്മാന്‍ ഗില്‍ ടീമിലുള്ളതിനാല്‍ മധ്യനിരയില്‍ പഴയ പന്തിനെതിരെയും സ്പിന്നിനെതിരെയും മികച്ച റെക്കോര്‍ഡുള്ള താരത്തിനാണ് സാധ്യത.
 
 മധ്യനിരയില്‍ കളിക്കുമ്പോള്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി ജിതേഷ് ശര്‍മയുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര മികച്ചതല്ല. എന്നാല്‍ ടോപ് ഓര്‍ഡറില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് സഞ്ജു. മുന്‍കാലങ്ങളില്‍ ടീമിനായി മികച്ച പ്രകടനം നടത്തിയ താരങ്ങളെ പൊടുന്നനെ പ്ലേയിങ് ഇലവനില്‍ നിന്നും നീക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. സഞ്ജുവിന്റെ പ്രകടനം പവര്‍ പ്ലേയില്‍ മാത്രം ഒതുങ്ങുന്നതല്ല. സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്താനും സഞ്ജുവിന് മികവുണ്ട്. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുന്നതും അവര്‍ക്കെതിരെ ആധിപത്യം പുലര്‍ത്തുന്നതും രണ്ടാണ്. അവര്‍ക്കെതിരെ അനായാസമായി ബൗണ്ടറികള്‍ നേടാന്‍ സഞ്ജുവിന് മിടുക്കുണ്ട്.
 
അതിനാല്‍ തന്നെ സഞ്ജുവിനെ ടീം മധ്യനിരയില്‍ പരീക്ഷിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ നെറ്റ് സെഷനില്‍ ആരാണ് പന്തില്‍ നന്നായി കളിക്കുന്നത് എന്ന് നോക്കിയാകും ടീം മനേജ്‌മെന്റ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.നെറ്റ്‌സില്‍ ആരാണോ സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുക അവരാകും പ്ലേയിങ് ഇലവനില്‍ കളിക്കുക. എന്നാല്‍ മുന്‍കാലങ്ങളിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് സഞ്ജുവിന് അവസരം നല്‍കണമെന്നാണ് എന്റെ അഭിപ്രായം. സെപ്റ്റംബര്‍ 9ന് തുടങ്ങുന്ന ഏഷ്യാകപ്പില്‍ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍