Sanju Samson: സഞ്ജുവിന്റെ ലക്ഷ്യം മുംബൈ ഇന്ത്യന്‍സ്? വന്‍ ട്വിസ്റ്റിനു സാധ്യത

രേണുക വേണു

വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (20:12 IST)
Sanju Samson: ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ പുതിയ ഫ്രാഞ്ചൈസി തേടുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ സാധ്യതകള്‍ തേടിയിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ ആ വഴി അടഞ്ഞു. 
 
ഐപിഎല്ലിലെ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സ് സഞ്ജുവിനായി ശ്രമങ്ങള്‍ ആരംഭിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ സഞ്ജു മുംബൈയ്ക്ക് വേണ്ടി കളിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 
അടുത്ത ഐപിഎല്‍ സീസണില്‍ വലിയൊരു ഫ്രാഞ്ചൈസിയിലേക്കു മാറാനാണ് സഞ്ജു ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലേക്കുള്ള സാധ്യത മങ്ങിയതോടെ അഞ്ച് തവണ ചാംപ്യന്മാരായ മുംബൈയെയാണ് സഞ്ജു ലക്ഷ്യം വയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുംബൈയോ സഞ്ജുവോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 
 
സഞ്ജുവിനെ സ്വന്തമാക്കാന്‍ രണ്ട് സാധ്യതകളാണ് മുംബൈയ്ക്കു മുന്നിലുള്ളത്. ഒന്നുകില്‍ രാജസ്ഥാന്‍ റോയല്‍സുമായി ട്രേഡിങ് നടത്താം. അല്ലെങ്കില്‍ രാജസ്ഥാന്‍ സഞ്ജുവിനെ റിലീസ് ചെയ്യുകയും താരം മിനി താരലേലത്തില്‍ വരുമ്പോള്‍ സ്വന്തമാക്കണം. 
 
ഇഷാന്‍ കിഷന്‍ പോയതോടെ മുംബൈയ്ക്ക് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇല്ല. ഇഷാനെ പോലെ ഓപ്പണറായി കളിക്കാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ആണ് സഞ്ജു. അതുകൊണ്ടാണ് മുംബൈ സഞ്ജുവില്‍ കണ്ണുവയ്ക്കുന്നതെന്നാണ് വിവരം. അടുത്ത സീസണിലേക്കുള്ള മിനി താരലേലത്തിനു മുന്‍പ് തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു രാജസ്ഥാനോടു ആവശ്യപ്പെട്ടിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍