അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ദേവൻ. അമ്മയുടെ ഭരണത്തിൽ പിടിപ്പുകേട് ഉണ്ടായിട്ടുണ്ടെന്നും അത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ദേവൻ പറഞ്ഞു. പുതിയ നേതൃത്വത്തിന് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ എന്നത് കണ്ടറിയണമെന്നും ദേവൻ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കുറച്ചു കാലങ്ങളായിട്ട് അമ്മയുമായി ഞാൻ വലിയ ബന്ധമില്ലാതെയിരിക്കുകായിരുന്നു. കാരണം മോഹൻലാലൊക്കെയുണ്ട്, നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ്. അപ്പോൾ നമ്മൾ അതിനകത്ത് കയറേണ്ട ആവശ്യമില്ലായിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയൊക്കെ വന്നതിന് പിന്നാലെയാണ് ഞാൻ ഇതിലേക്ക് വരുന്നത്.
എന്താണ് ഇതിലെ പ്രശ്നങ്ങൾ, ഒരുപാട് പ്രശ്നങ്ങളൊക്കെ പറഞ്ഞ് പരത്തുന്നുണ്ട്. പീഡന ആരോപണങ്ങൾ മാത്രമല്ല ഇതിനകത്തെ പ്രശ്നം. അതൊരു പ്രശ്നം മാത്രമാണ്. ഇതിനകത്ത് പിടിപ്പുകേട് ഉണ്ടായിട്ടുണ്ട്. അത് മന:പൂർവം അല്ല, അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണ്. ഒരു സംഘടന എങ്ങനെ നടക്കണം, എങ്ങനെയായിരിക്കണം അതിന്റെ ചട്ടക്കൂടിൽ നിന്ന് പെരുമാറുക എന്നൊന്നും അറിയില്ല.
അത് മന:പൂർവം ചെയ്യുന്നതല്ല, അത് അറിവില്ലായ്മ ആണ്. അതിനുള്ള സമയമില്ലായ്മ ഉണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ കഴിഞ്ഞ ഒരു മൂന്ന് നാല് വർഷമായിട്ട് അമ്മയുടെ പേരിൽ ആദായ നികുതിയും ജിഎസ്ടിയും കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിട്ടുണ്ട്. അതിൽ എന്റെ അറിവ് ശരിയാണെങ്കിൽ രണ്ടേകാൽ കോടി രൂപയോളം ജിഎസ്ടിയും മൂന്നേകാൽ കോടിയോളം ആദായ നികുതിയും കെട്ടാനുണ്ട്.
മൂന്ന് വർഷമായിട്ട് ഇതിന് കാരണം കാണിക്കൽ നോട്ടീസ് വന്നിട്ടുണ്ട്. ഇത് ആർക്കും അറിയില്ല. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഞാൻ ഇതേക്കുറിച്ച് ജിഎസ്ടിയിലും ആദായ നികുതി വകുപ്പിലും വിളിച്ച് അന്വേഷിച്ചിരുന്നു. നോട്ടീസുകൾക്ക് മറുപടി നൽകിയവർക്ക് പോലും കാര്യങ്ങൾ അറിയില്ലായിരുന്നുവെന്ന് അവർ പറഞ്ഞു. പല ഷോകളിൽ നിന്നും മറ്റുമായി 90 കോടി രൂപയോളം നിങ്ങൾക്ക് വരവ് വന്നിട്ടുണ്ടെന്ന് അവർ പറഞ്ഞു.
അതിന്റെ ജിഎസ്ടിയും നികുതിയും കെട്ടിയിട്ടില്ല. പക്ഷേ അമ്മ ഒരു സോഷ്യൽ -ചാരിറ്റി അസോസിയേഷനാണ്. ഞങ്ങളുടെ ഫണ്ടിന്റെ 95 ശതമാനവും അംഗങ്ങളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നത്. അമ്മ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനാണ്. അവർ എന്നോട് ചോദിച്ചത് 'നിങ്ങൾ എന്തുകൊണ്ട് 80 ജി എടുത്തില്ല? 'എന്തുകൊണ്ട് ജിഎസ്ടിയുടെ രജിസ്ട്രേഷൻ എടുത്തില്ല?'- എന്നാണ്.
ഇതാണ് ഞാൻ പറഞ്ഞത്, കാര്യങ്ങൾ അറിയാത്തതു കൊണ്ടാണ് പിടിപ്പുകേട് ഉണ്ടായതെന്ന്. ഇതൊക്കെ ചെയ്യേണ്ടതല്ലേ. ഒരു സംഘടന കൊണ്ടു നടക്കുമ്പോൾ ലീഗലായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്വം ഇവർക്കില്ലേ. ഇവരത് ചെയ്തിട്ടില്ല. ഇപ്പോഴും ഞാൻ റെഡിയാണ്. അവർക്ക് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ കൊടുക്കാൻ ഞാൻ തയ്യാറാണ്.
എനിക്ക് അങ്ങനെ ഈഗോ പ്രശ്നങ്ങളൊന്നുമില്ല. ഒരു ക്ലബ്ബ് പോലെയാണ് അമ്മയെ പരിഗണിച്ചത്. പുതിയ നേതൃത്വത്തിന് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ എന്ന് കണ്ടറിയണം. അവർ തീർച്ചയായും ചെയ്യണം. ഞാൻ നേതൃത്വ സംഘത്തിന്റെ ഭാഗമല്ല, പക്ഷേ അവർ സഹായം തേടിയാൽ ഞാൻ സഹായിക്കും". - ദേവൻ പറഞ്ഞു.