എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

അഭിറാം മനോഹർ

തിങ്കള്‍, 17 ഫെബ്രുവരി 2025 (13:27 IST)
ലോകം ഉറ്റുനോക്കുന്ന പോരാട്ടമാണെങ്കിലും ഇക്കുറി ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് അധികം ഹൈപ്പ് നല്‍കേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്. ഐസിസി പോരാട്ടങ്ങളില്‍ പാകിസ്ഥാന് മുകളില്‍ ശക്തമായ ആധിപത്യം ഉണ്ട് എന്നത് മാത്രമല്ല ഹര്‍ഭജന്‍ ഇങ്ങനെ പറയാന്‍ കാരണം. ഈ മാസം 23ന് ദുബായില്‍ വെച്ചാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ ഭാഗമായി ഇരുടീമുകളും ഏറ്റുമുട്ടുന്നത്.
 
മികച്ചൊരു പോരാട്ടാം കാണാമെന്നുള്ള അമിതമായ പ്രതീക്ഷയുടെ ആവശ്യമില്ല. ഇന്ത്യ കരുത്തുറ്റ ടീമാണ്. പാകിസ്ഥാനാണെങ്കില്‍ നിലവില്‍ മോശം ഫോമിലാണ് കളിക്കുന്നത്. ഒട്ടും സ്ഥിരതയില്ലാത്ത പാകിസ്ഥാന്‍ ടീം ഇന്ത്യയ്ക്ക് മുന്നില്‍ വിയര്‍ക്കുമെന്ന് ഉറപ്പാണ്. മത്സരം തികച്ചും ഏകപക്ഷീയമായ ഒന്നായിരിക്കും. ഹര്‍ഭജന്‍ പറഞ്ഞു. ഇരു ടീമുകളും തമ്മിലുള്ള മുന്‍കാല പ്രകടനങ്ങള്‍ മത്സരത്തില്‍ സ്വാധീനം ചെലുത്തില്ല എന്ന് പറഞ്ഞ ഹര്‍ഭജന്‍ പക്ഷേ പറയുന്നത് ഇന്ത്യന്‍ ബാറ്റിംഗ്. ബൗളിംഗ് നിരകളെ വിലയിരുത്തുമ്പോള്‍ പാകിസ്ഥാന്‍ ഒരുപാട് പിറകിലാണെന്നാണ് വ്യക്തമാക്കുന്നത്.
 
ഇന്ത്യ വളരെ ശക്തമായ ടീമാണ്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ ഇല്ലെങ്കില്‍ പാകിസ്ഥാന്‍ തീര്‍ത്തും ദുര്‍ബലമായ ഒരു സംഘമാണ്. ഈ 2 താരങ്ങളെ പറ്റിയെ ഇപ്പോള്‍ പറയാന്‍ പറ്റു. മറ്റൊരു ബാറ്ററെ പറ്റിയും പറയാനില്ല. ബൗളിംഗ് നിര തീരെ ഫോമിലല്ല. ഇന്ത്യയ്ക്ക് ഭീഷണിയാകാന്‍ സാധിക്കുന്ന ഏക ബാറ്റര്‍ നിലവില്‍ ഫഖര്‍ സമന്‍ മാത്രമാണ്. അവന് മാത്രമെ ഇന്ത്യക്കെതിരെ മികച്ച ശരാശരിയുള്ളു. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ അതിനപ്പുറം ആത്മവിശ്വാസം നല്‍കാന്‍ പ്രാപ്തിയുള്ള ബാറ്റിംഗ് നിര അവര്‍ക്കില്ല. ഹര്‍ഭജന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍