ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

അഭിറാം മനോഹർ

തിങ്കള്‍, 17 ഫെബ്രുവരി 2025 (11:52 IST)
Champions Trophy
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മത്സരവേദികളില്‍ ഇന്ത്യന്‍ പതാക ഒഴിവാക്കിയതിനെ ചൊല്ലി പുതിയ വിവാദം. കറാച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റെല്ലാ ടീമുകളുടെയും പതാകയുള്ളപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമില്ല എന്നതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
 
ഇന്ത്യ- പാകിസ്ഥാന്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ സുരക്ഷാപരമായ കാരണങ്ങള്‍ കാണിച്ച് പാകിസ്ഥാനില്‍ കളിക്കില്ലെന്ന നിലപാട് ഇന്ത്യ എടുത്തിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായിലാണ് നടത്തുന്നത്. ഇത് കാരണമാണ് പാക് സ്റ്റേഡിയങ്ങളില്‍ ഇന്ത്യന്‍ പതാക വെയ്ക്കാത്തതെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അനനൗദ്യോഗികമായ വിശദീകരണം.
 

No Indian flag in Karachi: As only the Indian team faced security issues in Pakistan and refused to play Champions Trophy matches in Pakistan, the PCB removed the Indian flag from the Karachi stadium while keeping the flags of the other guest playing nations. pic.twitter.com/rjM9LcWQXs

— Arsalan (@Arslan1245) February 16, 2025
 കറാച്ചി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്ക് മത്സരമുണ്ട്. എന്നാല്‍ പ്രധാനവേദികളുടെ മേല്‍ക്കൂരയില്‍ ടൂര്‍ണമെന്റിലെ മറ്റെല്ലാ രാജ്യങ്ങളുടെയും പതാകയുള്ളപ്പോള്‍ ഇന്ത്യന്‍ പതാക ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്നാണ് ആരാധകരും വ്യക്തമാക്കുന്നത്.
 
 ബുധനാഴ്ചയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പാകിസ്ഥാനില്‍ തുടക്കമാവുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. 20ന് ദുബായില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതേസമയം ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് മത്സരം 23ന് ദുബായിലാണ്. ന്യൂസിലന്‍ഡാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും 2 ടീമുകള്‍ വീതമാകും സെമിഫൈനലിലേക്ക് മുന്നേറുക. ഇന്ത്യ സെമിയിലും ഫൈനലിലും എത്തുകയാണെങ്കില്‍ ആ മത്സരങ്ങള്‍ ദുബായിലാകും നടക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍