മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്രധാന വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭ് പന്തിന് ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പരിക്ക് ഭേദമായി വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും താരത്തിന്റെ വിരലിനേറ്റ പരിക്ക് ഇപ്പോഴും നിരീക്ഷണത്തിലാണ്. കീപ്പിംഗ് ചുമതല നല്‍കി പരിക്ക് കൂടുതലായി വഷളാക്കാന്‍ റ്റീം തയ്യാറല്ലെന്ന് അസിസ്റ്റന്റ് കോച്ചായ റയാന്‍ ടെന്‍ ഡോഷേറ്റ് പറയുന്നു. ഈ സാഹചര്യത്തില്‍ ടീമില്‍ ഉള്‍പ്പെട്ടാലും പന്ത് കീപ്പിംഗ് ചുമതല ഏറ്റെടുത്തേക്കില്ല.
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിവസമാണ് പന്തിന്റെ ഇടത് ചൂണ്ടുവിരലിന് പരിക്കേറ്റത്. തുടര്‍ന്ന് പന്തിന് പകരം ധ്രുവ് ജുറലായിരുന്നു വിക്കറ്റിന് പിന്നില്‍ നിന്നത്. പരിക്കിലും ബാറ്റിങ്ങിനിറങ്ങിയ പന്ത് ആദ്യ ഇന്നിങ്ങ്‌സില്‍ 79 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 9 റണ്‍സും നേടിയിരുന്നു. പന്തിനെ ബാറ്റര്‍ എന്ന നിലയില്‍ മാത്രം ടീം കളിപ്പിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ കെ എല്‍ രാഹുല്‍ കീപ്പറാകാന്‍ സാധ്യതയേറെയാണ്. അതേസമയം താരത്തിന് വിശ്രമം നല്‍കാനാണ് തീരുമാനമെങ്കില്‍ ധ്രുവ് ജുറലാകും നാലാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറാവുക.