ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസറായ ജസ്പ്രീത് ബുമ്രയുടെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന് വലിയ പ്രാധാന്യമാണ് ടീം നല്‍കുന്നത്. ടീമിന്റെ പ്രധാന താരമെന്ന നിലയില്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും മത്സരങ്ങളിലും ബുമ്രയുടെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് ഇത് വഴി ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 5 മത്സരങ്ങളില്‍ 3 എണ്ണത്തില്‍ മാത്രമെ ബുമ്ര കളിക്കുവെന്ന് പരമ്പരയ്ക്ക് മുന്‍പ് തന്നെ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബുമ്രയുടെ മാത്രമല്ല മുഹമ്മദ് സിറാജിന്റെ കൂടി ജോലിഭാരം ടീം മാനേജ്‌മെന്റ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര.
ഇക്കഴിഞ്ഞ 3 ടെസ്റ്റിലുമായി ഇന്ത്യയ്ക്കായി ഏറ്റവുമധികം പന്തെറിഞ്ഞത് സിറാജാണ്. ബുമ്രയുടെ ജോലിഭാരത്തെ പറ്റി ആശങ്കപ്പെടുന്നവര്‍ സിറാജിന്റെ കാര്യത്തില്‍ ഒന്നും പറയാതെയിരിക്കുന്നത് നീതികേടാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. സിറാജ് കഠിനാദ്ധ്വാനം ചെയ്യുന്ന ബൗളറാണ്. ധാരാളം ഓവറുകള്‍ അവന്‍ എറിയുന്നു. എന്നിട്ടും അവന്റെ ജോലിഭാരത്തെ പറ്റി ആരും ഒന്നും പറയുന്നില്ല. അത് ഒരു തരത്തില്‍ നീതികേടാണ്.
സിറാജ് പന്തെറിയുന്നത് കാണുമ്പോള്‍ അവന്‍ ഹൃദയം കൊണ്ടാണ് പന്തെറിയുന്നതെന്ന് തോന്നിപോവും. പിച്ചില്‍ നിന്നും സഹായം ലഭിക്കാത്തപ്പോള്‍ പോലും അവന്റെ തോളുകള്‍ ഇടിഞ്ഞ് ആരും കണ്ടുകാണില്ല. കാരണം സിറാജ് എല്ലായ്‌പ്പോഴും ഒരു പോരാളിയാണ്. അവന്‍ വിശ്രമം ആവശ്യപ്പെടാറില്ല. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും തഴയപ്പെട്ടിട്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായത് സിറാജിന്റെ ഈ പോരാട്ടവീര്യം കൊണ്ടാണെന്നും ആകാശ് ചോപ്ര പറഞ്ഞു.