ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് ജൂലൈ 23ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് വേദിയാകുമ്പോള്‍ പരമ്പര സമനിലയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. പരമ്പരയിലെ ആദ്യത്തെയും മൂന്നാമത്തെയും മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ നിലവില്‍ 2-1ന് പിന്നിലാണ്. പരമ്പര കൈവിടാതിരിക്കാന്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് വിജയം നിര്‍ണായകമാണ്. എന്നാല്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ കണക്കുകള്‍ ഇതിന് തീരെ അനുകൂലമല്ല.
1936ലാണ് ഇന്ത്യ ആദ്യമായി മാഞ്ചസ്റ്ററില്‍ കളിക്കുന്നത്. അതിന് ശേഷം 8 ടെസ്റ്റുകളില്‍ കൂടി ഇന്ത്യ മാഞ്ചസ്റ്ററില്‍ കളിച്ചു. ഇതില്‍ നാലെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ 5 മത്സരങ്ങള്‍ സമനിലയിലായി. പേസര്‍മാരെ തുണയ്ക്കുന്നതാന് മാഞ്ചസ്റ്ററിലെ പിച്ച്.അതിനാല്‍ തന്നെ ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരടങ്ങുന്ന പേസ് നിര മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകും. 2019ലാണ് ഇംഗ്ലണ്ട് മാഞ്ചസ്റ്ററില്‍ അവസാനമായി പരാജയപ്പെടുന്നത്. അന്ന് ഓസ്‌ട്രേലിയയായിരുന്നു ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. അതിന് ശേഷം നടന്ന മത്സരങ്ങളില്‍ വെസ്റ്റിന്‍ഡീസ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെ വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു.
ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും ഇംഗ്ലണ്ടിന് മാഞ്ചസ്റ്ററില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. മാഞ്ചസ്റ്ററില്‍ കളിച്ച 11 മത്സരങ്ങളില്‍ നിന്നും 65.20 ശരാശരിയില്‍ 978 റണ്‍സാണ് ജോ റൂട്ട് നേടിയിട്ടുള്ളത്. 579 റണ്‍സാണ് നായകന്‍ ബെന്‍ സ്റ്റോക്‌സ് മാഞ്ചസ്റ്ററില്‍ നേടിയിട്ടുള്ളത്. അതിനാല്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകും ഇംഗ്ലണ്ടിന്റെ സീനിയര്‍ താരങ്ങള്‍ മാഞ്ചസ്റ്ററില്‍ ഉയര്‍ത്തുക.