പരേഡ് അനുമതിയില്ലാതെ നടത്തി, പ്രവേശനം സൗജന്യമെന്ന് പറഞ്ഞ് ആളെ കൂട്ടിയത് ആര്‍സിബി, ചിന്നസ്വാമിയിലെ ദുരന്തത്തില്‍ കര്‍ണാടക സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് പുറത്ത്
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം സ്വന്തമാക്കിയതിന് പിന്നാലെ നടത്തിയ ആര്‍സിബിയുടെ വിജയപരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. പരേഡ് അനുമതിയില്ലാതെയാണ് ആര്‍സിബി നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 3ന് കിരീടം നേടിയതിന് ശേഷം അന്നെ ദിവസമാണ് ആര്‍സിബി പരേഡ് സംബന്ധിച്ച് ബെംഗളുരു പോലീസിനെ വിവരമറിയിച്ചത്. എന്നാല്‍ ഇത് നിയമപ്രകാരം ആവശ്യമായ അനുമതിക്കായി സമര്‍പ്പിക്കേണ്ട അപേക്ഷയായിരുന്നില്ല മറിച്ച് അറിയിപ്പ് മാത്രമായിരുന്നു. രേഖാമൂലമുള്ള അറിയിപ്പ് ഇല്ലാത്തതിനാല്‍ തന്നെ കെഎസ്സിഎ സമര്‍പ്പിച്ച അപേക്ഷ കബ്ബണ്‍ പോലീസ് തള്ളുകയും ചെയ്തു.
എന്നാല്‍ പിറ്റേ ദിവസം രാവിലെ 7 മണിമുതല്‍ ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വിജയപരേഡ് നടക്കുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും പ്രഖ്യാപനമുണ്ടായി. വിധാനസൗദ മുതല്‍ ചിന്നസ്വാമി സ്റ്റേഡിയം വരെ നടക്കുന്ന പരേഡില്‍ ജനങ്ങളോട് പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചിട്ടുള്ളതായിരുന്നു ആര്‍സിബിയുടെ പോസ്റ്റ്. 8:55ന് വിരാട് കോലിയുടെ വീഡിയോ കൂടി ആര്‍സിബി പോസ്യ് ചെയ്തതോടെ ആവേശം കുത്തനെയുയര്‍ന്നു. ഇതിനെല്ലാം ശേഷം 3:14 ഓടെ കൂടി മാത്രമാണ് സ്റ്റേഡിയം പ്രവേശനത്തിന് പാസ് വേണമെന്ന് വ്യക്തമാക്കിയത്. സ്റ്റേഡിയത്തിനകത്തും പ്രവേശനം സൗജന്യമാണെന്നാണ് ആളുകള്‍ കരുതിയിരുന്നത്.
35,000 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയത്തിന് ചുറ്റും എത്തിച്ചേര്‍ന്നത് 3 ലക്ഷത്തോളം വരുന്ന ആളുകളായിരുന്നു. ഇത്രയും വലിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസ് സന്നാഹം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ എച്ച്എഎല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലേക്കുള്ള റോഡിലുമായി വലിയ ജനക്കൂട്ടം വേറെയും ഉണ്ടായിരുന്നു. മൂന്ന് ലക്ഷം ആളുകള്‍ സ്റ്റേഡിയത്തിന് അകത്തേക്കുള്ള പ്രവേശനത്തിനായി ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് പിന്നിലെ പ്രധാനക്കാരണക്കാര്‍ പരിപാടിയുടെ സംഘാടകരായ ആര്‍സിബി, ഡിഎന്‍എ എന്റര്‍ടൈന്മെന്‍്‌സ് നെറ്റ്വര്‍ക്ക്, കെഎസ്സിഎ എന്നിവരാണെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പറയുന്നു.