ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം തകര്‍ക്കുന്ന ഒന്നായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം വരെ പോരാടിയെങ്കിലും മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യന്‍ ബാറ്റര്‍മാരുടെ ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യന്‍ തോല്‍വിക്ക് പ്രധാനകാരണം. മത്സരത്തില്‍ ബാറ്റുകൊണ്ട് 44,33 എന്ന സ്‌കോറുകളും ബൗളിങ്ങില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 20 ഓവറില്‍ 2/63,രണ്ടാം ഇന്നിംഗ്‌സില്‍ 24 ഓവറില്‍ 48 റണ്‍സിന് 3 വിക്കറ്റും വീഴ്ത്തിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സായിരുന്നു മത്സരത്തിന്റെ താരം.
ഇംഗ്ലണ്ട് പര്യടനത്തില്‍ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് ചെയ്യാനായി 3 മത്സരങ്ങളില്‍ മാത്രമാണ് ബുമ്ര കളിക്കുന്നത്. ബെന്‍ സ്റ്റോക്‌സ് 9.2 ഓവര്‍ നീണ്ട സ്‌പെല്ലാണ് എറിഞ്ഞത്. ഒന്നാമത്തെ ഇന്നിങ്ങ്‌സില്‍ ജോ റൂട്ടിനെ നിയന്ത്രിക്കേണ്ട ഘട്ടത്തില്‍ അഞ്ച് ഓവര്‍ എറിഞ്ഞ ബുമ്രയ്ക്ക് പിന്നീട് ബൗളിങ് നല്‍കിയില്ല. ഇതെങ്ങനെ ശരിയാകും. ജോഫ്ര ആര്‍ച്ചര്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് കളിക്കുന്നത്. ആര്‍ച്ചര്‍ തുടര്‍ച്ചയായി 6 ഓവര്‍ എറിഞ്ഞു. ബെന്‍ സ്റ്റോക്‌സും നീണ്ട സ്‌പെല്ലുകള്‍ എറിഞ്ഞു. എന്നാല്‍ ബുമ്രയ്ക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കാന്‍ തയ്യാറായില്ല. മത്സരത്തിനിടയിലല്ല വര്‍ക്ക് ലോഡ് നോക്കേണ്ടത്. കളിക്കാത്ത സമയത്താണ് അതിനുള്ള ക്രമീകരണം ഒരുക്കേണ്ടത്. ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ഇന്ത്യന്‍ തോല്‍വിയില്‍ എക്‌സ്ട്രാ റണ്‍സുകളും മറ്റൊരു ഘടകമായെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ ഇന്നിങ്ങ്‌സില്‍ 31 എക്‌സ്ട്രാകളും രണ്ടാം ഇന്നിങ്ങ്‌സില്‍ 32 എക്‌സ്ട്രകളുമാണ് ഇന്ത്യ എറിഞ്ഞത്. മത്സരം ഇന്ത്യ തോറ്റത് 22 റണ്‍സിനായിരുന്നു. എക്‌സ്ട്രാ റണ്‍സ് ഒരു 30ല്‍ നിര്‍ത്തിയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും പത്താന്‍ വ്യക്തമാക്കി. നിലവില്‍ അഞ്ചു ടെസ്റ്റുകള്‍ അടങ്ങിയ ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയില്‍ ഇന്ത്യ 1-2ന് പിന്നിലാണ്. നാലാമത്തെ ടെസ്റ്റ് ജൂലൈ 23നാണ് മാഞ്ചസ്റ്ററില്‍ ആരംഭിക്കുന്നത്.