27ന് ഓള്‍ ഔട്ട്, നാണക്കേടിന്റെ അങ്ങേയറ്റം, അടിയന്തിര യോഗം വിളിച്ച് വിന്‍ഡീസ് ബോര്‍ഡ്, ലാറയ്ക്കും ലോയ്ഡിനും റിച്ചാര്‍ഡ്‌സിനും ക്ഷണം
ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ 27 റണ്‍സിന് ഓള്‍ ഔട്ടായി നാണംകെട്ടതിന് പിന്നാലെ ടീമംഗങ്ങളുടെ അടിയന്തിര യോഗം വിളിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. എന്തുകൊണ്ട് ഇത്രയും കനത്ത തോല്‍വി നേരിട്ടുവെന്ന് വിലയിരുത്തുന്നതിനാണ് യോഗം ചേരുന്നത്. ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറ, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ക്ലൈവ് ലോയ്ഡ് എന്നിവരുള്‍പ്പെടുന്ന മുന്‍ താരങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയക്കെതിരെ കനത്ത തോല്‍വി നേരിട്ട പശ്ചാത്തലത്തില്‍ ടീമില്‍ അഴിച്ചുപണി വേണമെന്നും തോല്‍വിക്ക് ഉത്തരവാദികളായ താരങ്ങളെ പുറത്താക്കണമെന്നും മുന്‍ ക്യാപ്റ്റന്‍ കാള്‍ ഹൂപ്പര്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. പരമ്പരയിലുടനീളം കാര്യമായ പോരാട്ടം കാഴ്ചവെയ്ക്കാന്‍ വെസ്റ്റിന്‍ഡീസിനായില്ല. ഈ സാഹചര്യത്തിലാണ് ടീമിനെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് യോഗം വിളിച്ചിരിക്കുന്നത്. നിലവില്‍ കമ്മിറ്റിയംഗങ്ങളായ ഡെസ്മണ്ട് ഹെയ്ന്‍സ്, ശിവ് നാരായണ്‍ ചന്ദര്‍പോള്‍, ഇയാന്‍, ബ്രാഡ് ഷാ എന്നിവരും ചര്‍ച്ചയില്‍ ഭാഗമാകും.